ഭക്ഷണം ഏതായാലും അല്‍പ്പം എരിവും പുളിയുമില്ലെങ്കില് അത് അതിന്റെ രുചിയെത്തന്നെ ബാധിക്കും. എന്നാല്‍ എരിവിത്തിരി കൂടിയാലോ, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്ന്, മുഖമാകെ ചുവന്ന് ഒരുപരുവമാകും. അറിയാതെ ഒരു മുളകോ മറ്റോ കടിച്ചുപോയാല്‍ ഉണ്ടാകുന്ന പരവേശവും വെപ്രാളവും അതിലുമധികമാണ്. എന്നാല്‍ മധ്യപ്രദേശിലെ പ്യാരി മോഹന്റെ ആകെയുള്ള ഭക്ഷണം തന്നെ മുളകാണ്. ദിവസം മൂന്നുകിലോ മുളകാണ് പ്യാരി മോഹന്റെ ഭക്ഷണം. എല്ലാതരത്തിലുമുള്ള മുളകുകളും ഈ 40കാരന് പ്രിയം തന്നെ. പച്ചമുളകും, ചുവന്ന മുളകും, കുരുമുളകും, മുളകുപൊടിയും മോഹന്റെ പ്രിയ വിഭവങ്ങള്‍ തന്നെ. ഉച്ചഭക്ഷണത്തിന് ചോറിന് പകരം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നവരെ പോലെ, വലിയ പ്ലേറ്റ് നിറയെ പച്ചമുളകും ചുവന്ന മുളകും വെച്ച് ആര്‍ത്തിയോടെ കഴിക്കുന്ന പ്യാരിക്ക് പ്രോത്സാഹനവുമായി നാട്ടുകാര്‍ ചുറ്റുമുണ്ട്. എന്നാല്‍ ഇതുവരെ വയറിന് എന്തെങ്കിലും പ്രശ്നങ്ങളോ, മറ്റെന്തെങ്കിലും അസുഖങ്ങളോ ഇദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നതും അത്ഭുതാവഹമാണ്. ഏതായാലും ഈ മുളകുതീറ്റ പ്യാരിയെ നാട്ടിലെ ഒരു സെലിബ്രിറ്റി തന്നെയാക്കി മാറ്റിയിരിക്കുകയാണ്.
മുളകുണ്ടോ എങ്കില്‍ വേറൊന്നുംവേണ്ട! ഈ മദ്ധ്യപ്രദേശുകാരന്‍ ദിവസേന അകത്താക്കുന്നത് മൂന്ന് കിലോഗ്രാം മുളക്; വിവിധതരത്തിലുള്ള മുളകുകള്‍ ആര്‍ത്തിയോടെ അകത്താക്കുന്ന നാപ്പതുകാരന്റെ വീഡിയോ വൈറല്‍
