അഗളി: വില്ലേജ് -താലൂക്ക് ഓഫീസുകളിൽ പട്ടയത്തിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കാതിരിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ലാൻഡ് ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ പട്ടയമേളയും ധനസഹായ വിതരണവും അട്ടപ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി. എൽഡിഎഫ് സർക്കാർ അധഃസ്ഥിതർക്കും ദുർബലർക്കും ഭൂരഹിതർക്കുമൊപ്പമാണ്. ഈ സർക്കാറിന്റെ കാലാവധി പൂർത്തിയാക്കുന്നതിനിടെ സംസ്ഥാനത്തു ഭൂരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യവുമായാണു റവന്യൂ വകുപ്പ് പ്രവർത്തിക്കുന്നത്. നിരവധി സങ്കീർണ പ്രശ്നങ്ങൾ മറികടന്നാണു പട്ടയങ്ങൾ വിതരണം ചെയ്തത്.
അവശേഷിക്കുന്ന ഭൂരഹിതർക്കുള്ള ഭൂമി കണ്ടെത്തുന്ന നടപടികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നത്. അടുത്ത പട്ടയ വിതരണ മേള ഈവർഷം അവസാനത്തോടെ ജില്ലയിൽ നടത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. 517 പട്ടികവർഗ കുടുംബങ്ങൾക്കായി 483.12 ഏക്കർ ഭൂമിയുടെ ട്രൈബൽ ലാൻഡ് പട്ടയമാണു വിതരണം ചെയ്തത്.
വനാവകാശ നിയമ പ്രകാരം വെറ്റിലച്ചോല പട്ടികവർഗ സങ്കേതത്തിലെ 32 പേർക്ക് 51.62 ഏക്കർ വനഭൂമിയുടെ കൈവശ രേഖയും 105 പേർക്കു നാലുസെന്റ് കോളനി പട്ടയങ്ങളും, 626 ലാൻഡ് ട്രൈബ്യൂണൽ -ദേവസ്വം ഭൂമി പട്ടയങ്ങളും നൽകി. അട്ടപ്പാടിയിൽ 2013-14 കാലയളവിൽ മരണമടഞ്ഞ 38 ആദിവാസി ശിശുക്കളുടെ അമ്മമാർക്ക് ഒരുലക്ഷം വീതം ധനസഹായം 38 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 11 പേർക്ക് ഒരു ലക്ഷം രൂപ വീതവും മന്ത്രി വിതരണം ചെയ്തു.
അഗളി കില ഹാളിൽ നടന്ന പരിപാടിയിൽ എൻ. ഷംസുദ്ദീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കളക്ടർ പി. മേരിക്കുട്ടി, സബ് കളക്ടർ പി.ബി. നൂഹ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.