ബാഹുബലിയുടെ ഗംഭീര വിജയത്തിനൊപ്പം ആരാധകർ ആഘോഷമാക്കിയ മറ്റൊന്നായിരുന്നു പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഇരുവരും വൈകാതെ വിവാഹിതരാകുമെന്നുമുള്ള വാർത്തകൾ. ബാഹുബലിയും ദേവസേനയുമായി തിളങ്ങിയ ഇരുവരും ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകർ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിവാഹവാർത്തയിൽ സ്ഥിരീകരണമില്ലെങ്കിലും വീണ്ടും ഇരുവരേയും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷമായാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത്.
പ്രഭാസിന്റെ പുതിയ ചിത്രം സാഹോയിൽ നായികയായി അനുഷ്കയെത്തുന്നു. സുജിത് സംവിധാനം ചെയ്യുന്ന സാഹോയിൽ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, ദിഷ പട്ടാണി എന്നിവരെ സമീപിച്ചിരുന്നെങ്കിലും പിന്നീട് അനുഷ്കയെ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. നായിക ആരാണെന്ന് അണിയറ പ്രവർത്തകർ മറച്ചുവച്ചിരിക്കുകയായിരുന്നെങ്കിലും ഇപ്പോൾ ഒരു ദേശീയ മാധ്യമമാണ് വാർത്ത പുറത്തു വിട്ടത്. പ്രിയ താരങ്ങൾ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ബാഹുബലിക്കു പുറമെ ബില്ല, മിർച്ചി എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു.റോഡ് ത്രില്ലർ ഗണത്തിൽപ്പെട്ട സാഹോയുടെ കലാസംവിധാനം മഹിഷ്മതി ഒരുക്കിയ സാബു സിറിൾ തന്നെയാണ്. ഒരു സംഘട്ടന രംഗത്തിന് മാത്രമായി 35 കോടി ചെലവാക്കുന്നെന്നും സൂചനയുണ്ട്.