പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്നുള്ള 43 കാരനായ ജാൻ മുഹമ്മദിന്റെ ജീവിത ലക്ഷ്യം കേട്ടാൽ ആരുമൊന്ന് അന്പരക്കും. മക്കളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്ക്കാനാഗ്രഹിക്കുന്നതാണ് ജാനിന്റെ ലക്ഷ്യം. ഇത് സാധിക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ. നിലവിൽ 43 കാരനായ ജാൻ മുഹമ്മദിന് മൂന്ന് ഭാര്യമാരിലായി 38 മക്കളുണ്ട്.ഒരാഴ്ച മുതൽ 16 വയസുവരെ പ്രായമുള്ള മക്കളാണ് ഡോക്ടറും വ്യവസായിയുമായ ജാൻ മുഹമ്മദിന്റെ വീട്ടിലുള്ളത്. ജാനിന്റെ പ്രതിമാസ കുടുംബ ചെലവ് ഒരു ലക്ഷം രൂപയ്ക്ക് മേലെയാണ്.
100 മക്കൾ വേണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഈ ആഗ്രഹ സഫലീകരണത്തിന് നാലാമതൊരു കല്യാണം കഴിക്കുന്നതിനായി ജാൻ മുഹമ്മദ് തയ്യാറെടുത്തിട്ട് വർഷമൊന്നുകഴിഞ്ഞു. പക്ഷേ സ്ത്രീകളാരും തയ്യാറാവുന്നില്ലെന്നാണ് ജാൻ മുഹമ്മദിന്റെ പരാതി. സ്ത്രീകളുടെ നിസഹകരണം കൊണ്ടൊന്നും പിന്മാറാൻ തയ്യാറല്ലെന്നും ജാൻ മുഹമ്മദ് പറയുന്നു. ജാൻ മുഹമ്മദിന് മാത്രമല്ല പാക്കിസ്ഥാനിൽ ഇത്രയും കുട്ടികളുള്ളത്.
അന്പത്തേഴുകാരനായ ഗുൽസാർ ഖാന് മൂന്നു ഭാര്യമാരിലായി 36 മക്കളാണുള്ളത്. മൂന്നാമത്തെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്. ഗുൽസാറിനേക്കാൾ മൂത്തതാണെങ്കിലും സഹോദരൻ മസ്താൻ ഖാൻ വാസിറി(70)ന് 22 മക്കളേയുള്ളൂ. ഭാര്യമാർ മൂന്നുതന്നെ. തങ്ങളുടെ മക്കളെയും പേരമക്കളെയും നോക്കി ഒരേ സ്വരത്തിൽ അവർ പറയും ദൈവം തരുന്നു, ഞങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു .മൂന്നു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ വേണ്ടതിലുമധികം മക്കൾ തനിക്കുണ്ടെന്ന് അഭിമാനിക്കുന്ന ഗുൽസാറിന്റെ അതേ മനോഭാവമാണുപാക് സമൂഹത്തിൽ പൊതുവേയുള്ളത്. ഒരു സ്ത്രീക്കു ശരാശരി മൂന്നുമക്കൾ എന്നതാണു പാക്കിസ്ഥാനിലെ ജനസംഖ്യാനിരക്ക്. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന ജനനനിരക്കാണിത്.
പാക്കിസ്ഥാനിൽ ഏറ്റവുമൊടുവിൽ ജനസംഖ്യാ കണക്കെടുപ്പ് നടന്നത് 1998-ലാണ്. അതനുസരിച്ച് ജനസംഖ്യ 13.5 കോടിയായിരുന്നു. ഈവർഷമാദ്യം നടന്ന കാനേഷുമാരിപ്രകാരം അത് 20 കോടിയാണെന്നാണു പ്രാഥമികസൂചന.