കൈ നിറയെ ചിത്രങ്ങളുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജ്യോതികൃഷ്ണയുടെ വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. നടി രാധികയുടെ സഹോദരൻ അരുണാാണ് ജ്യോതിക്ക് കൂട്ടായെത്തുന്നത്. അരുണിനെ ആദ്യമായി കാണുന്നത് പെണ്ണുകാണൽ ചടങ്ങിനെത്തിയപ്പോൾ മാത്രമാണെന്നു ജ്യോതികൃഷ്ണ പറയുന്നു.
അരുണിന്റെ വിവാഹാലോചന നേരത്തെ വന്നിരുന്നുവെങ്കിലും ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു.
വിവാഹ ആലോചന മുന്നോട്ട് കൊണ്ടുപോയില്ലെങ്കിലും സുഹൃത്തുക്കളാവാമല്ലോയെന്നും പറഞ്ഞ് അരുണ്‍ ജ്യോതികൃഷ്ണയുടെ നന്പർ വാങ്ങിച്ചിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദത്തിനൊടുവിലാണ് പ്രണയത്തിലാണെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. പരസ്പരമുള്ള പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞപ്പോളൊന്നും നേരിൽ കണ്ടിട്ടില്ലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് നേരിട്ടു കണ്ടത്. സ്കൈപ്പിലൂടെയായിരുന്നു ചാറ്റ് ചെയ്തിരുന്നത്.
ഇരുവരും നേരിൽ കാണുന്നതിന് മുൻപ് തന്നെ വീട്ടുകാർ ജാതകവും മറ്റും നോക്കി വിവാഹനിശ്ചയ തീയതിയും വിവാഹത്തീയതിയും കുറിച്ചിരുന്നു. എല്ലാം തീരുമാനിച്ച ശേഷം കുടുംബസമേതം അരുണ്‍ ജ്യോതിയെ കാണാനെത്തി. അന്നായിരുന്നു അവർ ആദ്യമായി കണ്ടുമുട്ടിയതും. ഒൗദ്യോഗികമായി നടന്ന പെണ്ണുകാണൽ ചടങ്ങായിരുന്നു അത്.രാധികയുടെ സഹോദരൻ അരുണും ജ്യോതികൃഷ്ണയും തമ്മിലുള്ള വിവാഹം നവംബർ 19 നാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.