നാദാപുരം: വാട്സ് ആപ്പ് ചാറ്റിംഗിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് കെണിയിൽപ്പെടുത്തി പണം തട്ടുന്ന യുവാവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.ഗൂഡല്ലൂർ ദേവാർഷോലൈ സ്വദേശി അൻഷാദി(18) നെയാണ് നാദാപുരം എസ്ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്. തന്റെ കൂട്ടുകാരിയെന്ന വ്യാജേന വാട്സ് ആപ്പിൽ പ്രൊഫൈൽ പിക്ച്ചർ നല്കി കുമ്മങ്കോട് സ്വദേശിയായ യുവതിയുമായി അൻഷാദ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. രണ്ടു പേരും പരസ്പരം ഫോട്ടോകൾ കൈമാറി. അൻഷാദ് യുവതിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തന്റെ ഫോട്ടോ ചേർത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം നല്കണമെന്നാശ്യപ്പെട്ട് യുവതിക്ക് വാട്സ് ആപ്പ് വഴി അക്കൗണ്ട് നമ്പർ നല്കി. സംഭവമറിഞ്ഞ ഭർത്താവ് നാദാപുരം പോലീസിൽ പരാതി നല്കി.എസ്ഐ എൻ. പ്രജീഷിന്റെ നിർദ്ദേശാനുസരണം യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ചൊവ്വാഴ്ച രാവിലെ പണം തരാമെന്ന വ്യാജേന കല്ലാച്ചിയിൽ വിളിച്ചു വരുത്തുകയും സ്ഥലത്തുണ്ടായിരുന്ന പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൽ ഒളിപ്പിച്ച നൂറിലേറെ യുവതികളുടെ ഫോട്ടോകളും മൊബൈൽ ഫോൺ നമ്പറുകളും പോലീസ് പിടിച്ചെടുത്തു.നിരവധി യുവതികളെ യുവാവ് ചതിയിൽപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമികമായി പോലീസിന് ലഭിക്കുന്ന വിവരം. ഐടി ആക്ട് പ്രകാരം ആൾമാറാട്ടം, ഭീഷണിപ്പെടുത്തൽ, വഞ്ചന ഉൾപ്പെടെയുള്ള കുറ്റം ചുമത്തി ഇയാൾക്കെതിരേ കേസെടുത്തു.