കൊയിലാണ്ടി: പറഞ്ഞാൽ തീരാത്ത നിസ്സഹായതകൾക്ക് മുന്നിൽ പത്മിനിയുടെ ജീവിതം ചോദ്യചിഹ്നമാവുകയാണ്. പത്ത് വർഷം കഴിഞ്ഞിട്ടും പ്രവൃത്തികൾ പൂർത്തിയാക്കാനാവാത്ത കൊച്ചു വീട്. എട്ട് വയസ്സിന്റെ നിഷ്കളങ്കതയിലും ഇല്ലായ്മകൾ നുണയുന്ന ഏകമകൾ. പണി ചെയ്ത് വീട് പുലർത്താനാകാത്ത അവസ്ഥ.
ദുരിതകഥകൾ തീരുന്നില്ല ഇവർക്ക്. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് വരകുന്നിൽ പത്മിനിക്കും മകൾ ഭാവനയ്ക്കും ജീവിതം കരുപ്പിടിപ്പിക്കാൻ ഇനി കരുണ വറ്റാത്തവരുടെ കൈത്താങ്ങ് മാത്രമെ ആശ്രയമായുള്ളൂ.ഏഴുവർഷം മുന്‍പാണ് പത്മിനിയുടെ ഭർത്താവ് വേലായുധൻ കാൻസർ ബാധിതനായി മരണപ്പെട്ടത്. വേലായുധന്റെ ചികിത്സയ്ക്കും മറ്റുമായി വലിയൊരു തുക ചെലവഴിക്കേണ്ടി വന്ന കുടുംബത്തിന് കടബാധ്യതകളേറുകയായിരുന്നു.
പത്തുവർഷം മുന്‍പ് ആകെയുള്ള രണ്ട് സെന്റിൽ നഗരസഭയുടെ പദ്ധതി പ്രകാരം തുടങ്ങിവച്ച കൊച്ചുവീടിന്റെ പണി പോലും ഇതുവരെ പൂർത്തീകരിക്കാനായില്ല. മേൽക്കൂര കോണ്‍ക്രീറ്റ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങുക എന്നത് പത്മിനിക്കും മകൾക്കും ഇന്നും സ്വപ്നം മാത്രം. പ്രായപൂർത്തിയെത്താത്ത മകളോടൊപ്പം കുടുംബവീടുകളിലും മറ്റും അന്തിയുറങ്ങേണ്ട ദുരവസ്ഥയിലാണിപ്പോൾ വിധവയായ ഈ വീട്ടമ്മ.
മകളുടെ ഭാവിയും വിദ്യാഭ്യാസവും ഓർക്കുന്പോൾ പത്മിനിയുടെ മനസ്സിൽ തീയാളുകയാണ്. ശാരീരിക അവശതകൾ കാരണം ഉപജീവന മാർഗ്ഗവും ഈ കുടുംബത്തിന്ന് അന്യമാവുകയാണ്.വീട് പണി പൂർത്തീകരിക്കാനും മകളുടെ ഭാവി സംരക്ഷണത്തിനുമായി വാർഡ് കൗണ്‍സിലർ എ.കെ. വീണ, ടി.പി. ബീന എന്നിവർ ഭാരവാഹികളായി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെഡിസി ബാങ്കിന്റെ കൊയിലാണ്ടി സായാഹ്നശാഖയിൽ അക്കൗണ്ട് നന്പർ 1005 21201020034 (ഐഎഫ്എഫ്സി: ഐകെ ബിഎൽഒ 114 കെ 07)