സി.ആര്. സന്തോഷ്
ഇരിട്ടി: കണ്ണൂരിലോ, കേരളത്തിലോ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ വേണ്ടിയല്ല സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതെന്ന പേരില്‍ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മൊഴി നല്കി. പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് കാര്യവാഹക് ചൂരക്കാട്ട് ബിജുവിന്റെ കൊലപാതക ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതെന്ന പേരില്‍ കുമ്മനം രാജശേഖരൻ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ സിഐ ടി.കെ. രത്നകുമാറിനാണ് കുമ്മനം രാജശേഖരൻ മൊഴി നല്‍കിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആഹ്ലാദ പ്രകടന വീഡിയോയുടെ ആധികാരികത പോലീസും പരിശോധിക്കണം. വീഡിയോ തനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നിന്ന് അയച്ച് തന്നതാണ്. സിപിഎം എന്ന് താന്‍ പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകാർ എന്നാണ് താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം മൊഴി നല്കി.
പാപ്പിനിശേരിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്നായിരുന്നു കുമ്മനത്തിന്റെ വിവാദമായ ട്വിറ്റർ പോസ്റ്റ്. വിവാദമായപ്പോള്‍ താന്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സത്യമാണെന്നും വേണ്ടിവന്നാല്‍ ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറെന്നും ആഹ്ലാദപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം തനിക്കെതിരെ കേസെടുക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്നായിരുന്നു കുമ്മനത്തിന്റെ വിശദീകരണം.
സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ വേണ്ടിവന്നാല്‍ കുമ്മനം രാജശേഖരനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. തൊട്ടുപിന്നാലെ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് കുമ്മനത്തിനെതിരെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ടി.പി സെന്‍കുമാറിനും പരാതി നല്കി.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ശിവവിക്രമിനോട് കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിടുകയായിരുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താനും കലാപം സൃഷ്ടിക്കാനുമായി ബോധപൂര്‍വം ശ്രമിച്ചുവെന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം ആണ് കേസെടുത്തിരുന്നത്. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ഫുട്ബോള്‍ കളി വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകനത്തിന്റെ ദൃശ്യമാണ് പയ്യന്നൂര്‍ കൊലപാതകത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും രംഗത്ത് വന്നിരുന്നു.
മൊഴി ലഭിച്ച സാഹചര്യത്തില്‍ തുടരന്വേഷണത്തെകുറിച്ച് വിലയിരുത്താന്‍ ഇന്ന് ജില്ലാ പോലീസ് മേധാവി ശിവവിക്രം, കണ്ണൂര്‍ ഡിവൈഎസ്പി പി. സദാനന്ദന്, സിഐ ടി.കെ രത്നകുമാര്‍ എന്നിവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും.