കണ്ണൂർ: സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ചെയർമാനായ ഹാൻവീവിൽ നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക്. ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ നേടിയെടുക്കാനും ഹാൻവീവിനെ സംരക്ഷിക്കുന്നതിനുമാണ് കെഎസ്എച്ച്ഡിസി എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ പണിമുടക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു എംഎൽഎയാണ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റ്. രാവിലെ 11ന് പയ്യാന്പലത്തെ ഹെഡ് ഓഫീസ് പരിസരത്ത് ജീവനക്കാർ കൂട്ടധർണയും നടത്തും.
ജീവനക്കാരും സ്ഥാപനവും നേരിടുന്ന നിരവധി പ്രശ്നങ്ങൾ സംബന്ധിച്ച് നൽകിയ നിവേദനത്തിൽ മാനേജ്മെന്റ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൈത്തറി മേഖലയിൽ പുത്തൻ ഉണർവേകി സൗജന്യ യൂണിഫോം പദ്ധതി സർക്കാർ വിജയകരമായി നടപ്പിലാക്കിയിട്ടും ഹാൻവീവിലെ ജീവനക്കാർ കടുത്ത പ്രയാസത്തിലാണ്.
2011ലെ എൽഡിഎഫ് സർക്കാർ ഹാൻവീവ് ജീവനക്കാർക്ക് നടപ്പിലാക്കിയ ശന്പള പരിഷ്കരണം 2004ലെ മാനദണ്ഡം അനുസരിച്ചായിരുന്നു. അതിനുശേഷം ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. വിപണനമേഖലയിലെ പിന്നോക്കാവസ്ഥയും ആശങ്ക സൃഷ്ടിക്കുന്നതായി യൂണിയൻ ചൂണ്ടിക്കാട്ടുന്നു.
നെയ്ത്തുതൊഴിലാളികൾക്ക് യഥാസമയം നൂലും കൂലിയും നൽകി ജോലിക്കുറവ് പരിഹരിച്ച് ഉത്പാദനം വർധിപ്പിക്കുക, തുണിത്തരങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയും ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് തുണിത്തരങ്ങൾ ലഭ്യമാക്കിയും ഷോറൂമുകൾ നവീകരിച്ചും വിപണനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, ശന്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, 30 ശതമാനം ഡിഎ കുടിശിക തീർത്ത് അടിയന്തരമായി നൽകുക, ശന്പള പരിഷ്കരണത്തിലെ കാലതാമസം മുൻനിർത്തി ഇടക്കാല ആശ്വാസം അനുവദിക്കുക തുടങ്ങിയ 15 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ബെഡ് ഷീറ്റ് പ്രിന്റിംഗുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല ക്രമക്കേടിൽ അന്വേഷണം വേഗത്തിലാക്കുക, നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുക, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സാന്പത്തിക അഴിമതി കേസുകളുടെ അന്വേഷണം ധ്രുതഗതിയിൽ തീർക്കുക, അന്വേഷണം പൂർത്തിയായ കേസുകളിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.