കോടികളുടെ കടമുണ്ടാക്കി യുകെയിലേക്ക് രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യ വീണ്ടും വെല്ലുവിളിയുമായി എത്തിയിരിക്കുന്നു. കോടികള്‍ നിങ്ങള്‍ക്ക് സ്വപ്നം കണ്ടുകൊണ്ടിരിക്കാമെന്നാണ് ലണ്ടനില്‍ നിന്നും വിജയ് മല്ല്യയുടെ പുതിയ വെല്ലുവിളി. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു മല്ല്യ. താന്‍ ഒരു കോടതിയെയും പറ്റിച്ച് കളഞ്ഞിട്ടില്ലെന്നും, കേസ് തെളിയിക്കുന്നതിനായിട്ടുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും വിജയ് മല്ല്യ പറയുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും മല്ല്യ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മല്യ ഇപ്രകാരെ പറഞ്ഞത്. ബ്രിട്ടനില്‍ കഴിയുന്ന മല്ല്യയുടെ ജാമ്യം കോടതി ഡിസംബര്‍ നാലുവരെ നീട്ടി. വിജയ് മല്ല്യയെ ഒരു പാഠം പഠിപ്പിക്കണമെങ്കില്‍ യുകെയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് മല്ല്യയെ ഭീക്ഷണിപ്പെടുത്താമെന്ന് അര്‍ണാബ് ഗോസ്വാമി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മുമ്പും പരസ്യമായ വെല്ലുവിളി ഉയര്‍ത്തി വിജയ് മല്ല്യ രംഗത്തെത്തിയിരുന്നു. എഡ്ജ്ബാസ്റ്റണില് കഴിഞ്ഞ ദിവസമുണ്ടായ ഇന്ത്യ പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരം കാണാനും മല്ല്യ എത്തുകയും അത് വാര്‍ത്തയാക്കിയ ദേശീയ മാധ്യമങ്ങളെയടക്കം പരിഹസിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ ഇനിയും എത്തുമെന്നും മാധ്യമങ്ങളുടെ സെന്‍സേഷണല്‍ കവറേജിനെ പരാമര്‍ശിച്ചുകൊണ്ട് മല്ല്യ ട്വീറ്റ് ചെയ്തിരുന്നു. 2016ലാണ് ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ മല്ല്യ ഇന്ത്യ വിടുന്നത്. 6963 കോടി രൂപയാണ് വായ്പ കുടിശ്ശികയായി മല്ല്യ തിരിച്ചടക്കാനുള്ളത്. പലിശയടക്കം ഈ തുക 9000 കോടി രൂപയായിട്ടുണ്ട്. 2014 മുതലാണ് മല്ല്യയ്ക്കെതിരെയുള്ള സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐഡിബിഐ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുകയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്നിങ്ങോട്ട് നിരവധി കേസുകള്‍ മല്ല്യയ്ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്. നിരവധി തവണ മല്ല്യയ്ക്ക് കീഴടങ്ങാന്‍ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല. മല്ല്യ കഴിഞ്ഞ മാര്‍ച്ചിലാണ് ലണ്ടനിലേക്ക് മുങ്ങിയത്.കഴിഞ്ഞ മാസം ലണ്ടന്‍ പോലീസ് അറസ്റ്റു ചെയ്ത മല്ല്യ ഇപ്പോള്‍ ജാമ്യത്തിലാണ്.