കാർഡിഫ്: ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാൻ ഫൈനലിൽ. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കലാശപ്പോരിന് അർഹരായത്. ഇംഗ്ലണ്ടിന്റെ 211 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ 77 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഇംഗ്ലീഷുകാർക്കെതിരെ സമഗ്രാധിപത്യം സ്ഥാപിച്ചാണ് പാക് വിജയം.
ഓപ്പണർമാരായ അസ്ഹർ അലിയുടേയും (76) ഫഖാർ സമാന്റേയും (57) അർധസെഞ്ചുറികളാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 118 റൺസാണ് അടിച്ചുകൂട്ടിയത്. ഫഖാർ സമാനായിരുന്നു ആക്രമണകാരി. 58 പന്ത് നേരിട്ട ഫഖാറിന്റെ ബാറ്റിൽനിന്നും ഏഴു ബൗണ്ടറിയും ഒരു സിക്സും പിറന്നു. 100 പന്തുകൾ നേരിട്ട അസഹ്ർ അലി ഒരു സിക്സും അഞ്ച് ബൗണ്ടറിയും നേടി.
ഇരുവരും പുറത്തായ ശേഷമെത്തിയ ബാബർ അസമും (38) മുഹമ്മദ് ഹാഫീസും (31) പാക്കിസ്ഥാനെ കൂടുതൽ പരിക്കില്ലാതെ ഫൈനലിൽ എത്തിച്ചു. 38 ഓവറിലെ ആദ്യപന്തിൽ സ്റ്റോക്സിനെ ബൗണ്ടറി പായിച്ചാണ് ഹാഫീസ് പാക് വിജയം ആഘോഷിച്ചത്.
ടോസ് നേടിയ പാക്കിസ്ഥാൻ ഇംഗ്ലീഷുകാരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പാക് പേസർമാർക്കുമുന്നിൽ പതറിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 211 റണ്‍സിന് ഓൾഔട്ടായി. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ഫോമിലായിരുന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നിഴൽ മാത്രമാണ് സെമിഫൈനലിൽ കണ്ടത്. 46 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ്പ് സ്കോറർ.
അലക്സ് ഹെയിൽസും-ജോണി ബെയിർസ്റ്റോയും ഭേദപ്പെട്ട തുടക്കം ഇംഗ്ലണ്ടിന് നൽകിയിരുന്നു. 5.5 ഓവറിൽ 34 റണ്‍സ് നേടിയ സഖ്യത്തെ റുമാൻ റയീസ് വേർപിരിച്ചതോടെ പാക്കിസ്ഥാൻ വിക്കറ്റ് വേട്ട തുടങ്ങി. രണ്ടാം വിക്കറ്റിൽ റൂട്ട്-ബെയിർസ്റ്റോ സഖ്യം 46 റണ്‍സ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി.
സ്കോർ 80-ൽ എത്തിയപ്പോൾ ബെയിർസ്റ്റോ വീണു. തുടർന്ന് റൂട്ടിന് കൂട്ടായി ക്യാപ്റ്റൻ മോർഗൻ എത്തിയപ്പോഴും ഇംഗ്ലണ്ട് സ്കോർ മുന്നോട്ടുനീങ്ങി. സഖ്യം 48 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. റൂട്ട് പുറത്താകുമ്പോൾ 128/3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് വാലറ്റം പിന്നീട് തകർന്നടിയുകയായിരുന്നു. ബെയിർസ്റ്റോ (43), മോർഗൻ (33) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വാലറ്റം തകർന്നത് ഇംഗ്ലീഷ് നിരയ്ക്ക് തിരിച്ചടിയായി.
ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറിയുമായി തകർത്തടിച്ച ബെൻ സ്റ്റോക്സിന്റെ നിഴൽ മാത്രമാണ് കാർഡിഫിൽ കണ്ടത്. വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും സ്റ്റോക്സ് ഒരുവശം കാത്തു. 64 പന്തിൽ 34 റണ്‍സ് നേടിയ സ്റ്റോക്സ് എട്ടാമതാണ് പുറത്തായത്.പാക്കിസ്ഥാന് വേണ്ടി ഹസൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാൻ, റുമാൻ റായീസ് എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.