ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) വരുന്നതോടെ അവശ്യമരുന്നുകൾ മിക്കവയുടെയും വിലയിൽ വർധന ഉണ്ടാകും. ഇപ്പോൾ ഒന്പതു ശതമാനം എക്സൈസ് ഡ്യൂട്ടി ഉള്ള സ്ഥാനത്ത് 12 ശതമാനമാണു ജിഎസ്ടി വരുന്നത്. ഇതുവഴി 2.29 ശതമാനം വിലവർധന പ്രതീക്ഷിക്കാമെന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) അറിയിച്ചു.
എന്നാൽ, പ്രമേഹരോഗികൾക്കു ലാഭമുണ്ട്. ഇൻസുലിൻ നികുതി അഞ്ചു ശതമാനത്തിലേക്കു കുറയും. ഇപ്പോൾ ഒന്പതു ശതമാനമാണു നികുതി. ഇതു 12 ആക്കാനുള്ള ശിപാർശയാണ് മാറ്റിയത്.ഇപ്പോൾ അവശ്യമരുന്നുകൾക്ക് എക്സൈസ് ഡ്യൂട്ടിക്കു മുന്പുള്ള പരമാവധി വില്പന വില എൻപിപിഎ നിശ്ചയിച്ചിട്ടുള്ളത്.
ഇനി അതിനു പുറമേ ജിഎസ്ടി നിരക്ക് ഈടാക്കണം. ചില ഇനം മരുന്നുകൾക്ക് നികുതി ഭാരം കന്പനികൾ വഹിക്കേണ്ടിവരുമെന്ന് എൻപിപിഎ ചെയർമാൻ ഭുപേന്ദ്ര സിംഗ് പറഞ്ഞു. ഹെപാരിൻ, വാർഫാരിൻ, ഡിൽട്യാസെം, ഡയസെപാം, ഇഞ്ചുപ്രോഫെൻ, പ്രൊപ്രാനോളോൾ, ഇമാറ്റിനിബ് തുടങ്ങിയ അവശ്യമരുന്നുകൾക്കെങ്കിലും നിയന്ത്രിത വില പ്രഖ്യാപിച്ചിട്ടുള്ളതാണ്.