പത്തനംതിട്ട: പാഠപുസ്തകത്തിലെ അറിവിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ. 10,12, ബിരുദ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകത്തിനും അപ്പുറത്തുള്ള ലോകത്തേക്ക് ഇറങ്ങി ചെല്ലാൻ ഓരോ വിദ്യാർഥിക്കും കഴിയണം. മാർക്കു നേടുന്നതു മാത്രമല്ല വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. അതിനും അപ്പുറമുള്ള വലിയ ലക്ഷ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ മുന്നേറണമെന്നും പി. ജെ. കുര്യൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ഡൽഹി ഐഐടി റിട്ടയേഡ് പ്രഫ. കെ. ജി. ബാലകൃഷ്ണൻ എന്നിവർ വിദ്യാർഥികൾക്ക് കരിയർഗൈഡൻസ് ക്ലാസ് നയിച്ചു. ചെന്നൈ ഐഐടി റാങ്ക് ജേതാവ് അഖിൽ കൃഷ്ണൻ, ജില്ലയിൽ ഏറ്റവും മികച്ച വിജയം നേടിയ സ്കൂളുകൾ, വിദ്യാർഥികൾ എന്നിവയ്ക്ക് അവാർഡ് നൽകി ആദരിച്ചു.