വടക്കഞ്ചേരി: ജില്ലാ അതിർത്തിപ്രദേശമായ പ്ലാഴിയിൽ ഗായത്രി പുഴയോരത്ത് പോലീസ് കാവലിൽ വീണ്ടും ബീവറേജ്സ് ഔട്ട്ലെറ്റ് തുടങ്ങി. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ വൻപോലീസ് സംഘമെത്തി അറസ്റ്റുചെയ്തു നീക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്ക്കുകയാണ്.
മദ്യശാലയ്ക്കെതിരേ ജനകീയസമരം തുടരുന്നതിനൊപ്പം നിയമപരമായും ഇതിനെ നേരിടുമെന്ന് പുതുക്കോട് പഞ്ചായത്ത് ഭരണസമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് പറഞ്ഞു.
സമാധാനാന്തരീക്ഷം നിലനില്ക്കുന്ന ഗ്രാമപ്രദേശത്ത് നിയമങ്ങൾ കാറ്റിൽപറത്തി ഔട്ട്ലെറ്റ് തുടങ്ങുന്നതിനെതിരേ പഞ്ചായത്ത് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുതിയ മദ്യനയത്തിന്റെ ചുവടുപിടിച്ചാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇന്നലെ രാവിലെ മുതൽ മദ്യശാല തുറന്നത്.
വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ വൈസ് പ്രസിഡന്റ് സജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ്, പഞ്ചായത്ത് മെംബർ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നൂറിൽപരം ആളുകൾ സ്ഥലത്തെത്തി. എന്നാൽ സമീപ സ്റ്റേഷനുകളിൽ നിന്നെല്ലാം കൂടുതൽ പോലീസിനെ വരുത്തി വടക്കഞ്ചേരി സിഐയുടെ ചാർജുള്ള നെന്മാറ സിഐ ടി.എൻ.ഉണ്ണികൃഷ്ണൻ, വടക്കഞ്ചേരി എസ്ഐ സോബിൻ മാത്യു എന്നിവർ ചേർന്ന് സമരക്കാരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.
മദ്യശാല ആരംഭിക്കാൻ പഞ്ചായത്തിന്റെ അനുമതിയെടുത്ത് കളഞ്ഞെങ്കിലും കെട്ടിടത്തിന് ലൈസൻസ് നല്കേണ്ടത് പഞ്ചായത്താണെന്നും ഇതു പാലിക്കപ്പെട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.സംസ്ഥാനപാതയിൽനിന്നും 500 മീറ്റർ അകലം പാലിക്കാൻ സമീപത്തുള്ള മറ്റൊരാളുടെ നിലംനികത്തിയാണ് കെട്ടിടത്തിലേക്ക് പുതിയ വഴി ഉണ്ടാക്കിയിട്ടുള്ളത്.
ഈ വഴിയും സംസ്ഥാനപാതയും മദ്യശാല പ്രവർത്തിക്കുന്ന കെട്ടിടവും തമ്മിൽ 500 മീറ്റർ അകലമില്ലെന്നും പഞ്ചായത്ത് ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി നിലംനികത്തിയതിനെതിരേയും സമരസമിതി നേരത്തെ കോടതിയെ സമീപിച്ചിട്ടുണ്ട്.
ജില്ലാ അതിർത്തിയായ പ്ലാഴിയിൽ മദ്യശാല തുടങ്ങിയത് വടക്കഞ്ചേരി പോലീസിനും വലിയ തലവേദനയാകും. സ്റ്റേഷനിൽ 15 കിലോമീറ്റർ ദൂരെ ഒറ്റപ്പെട്ട കെട്ടിടത്തിലാണ് ഔ!ട്ട്ലെറ്റ് ആരംഭിച്ചിട്ടുള്ളത്. ഇത് രാത്രികാല സുരക്ഷാനടപടികൾക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. വടക്കഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റാണ് ഇപ്പോൾ പ്ലാഴിയിൽ തുടങ്ങിയിട്ടുള്ളത്.
കഴിഞ്ഞ വിഷുതലേന്നാണ് ഇതേ കെട്ടിടത്തിൽ മദ്യശാല തുടങ്ങാൻ നീക്കമുണ്ടായത്. എന്നാൽ ഇതിനെതിരേ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചപ്പോൾ കെട്ടിടത്തിൽ ഇറക്കിയ മദ്യം തിരിച്ചുകൊണ്ടുപോയി ശ്രമം വേണ്ടെന്നു വച്ചിരുന്നു.സർക്കാരിന്റെ പുതിയ മദ്യനയത്തോടെയാണ് വീണ്ടും ജനങ്ങളെ വെല്ലുവിളിച്ച് മദ്യവില്പനശാല ആരംഭിച്ചിട്ടുള്ളത്.