മട്ടന്നൂർ: കേരളവർമ പഴശിരാജയുടെ പോരാട്ട ചരിത്രങ്ങൾ ഇനി പഴശി സ്മൃതി മണ്ഡപത്തിലും. മണ്ഡപത്തിലെ ചുമരിൽ വരയ്ക്കുന്ന ചിത്രങ്ങൾ പൂർത്തീകരിച്ച് ജൂലൈ ആദ്യവാരത്തിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കും. കേരളസിംഹം പഴശിരാജയുടെ ചരിത്രം മട്ടന്നൂർ നഗരസഭയാണ് ചുമർചിത്രമാക്കുന്നത്.
ജന്മനാട്ടിലെ ചരിത്ര സ്മാരകത്തിൽ പഴശിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് ആലേഖനം ചെയ്യുക. കെ. ആർ. ബാബുവിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് സ്മൃതിമണ്ഡപത്തിന്റെ ചുമരുകളിൽ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നാൾ വഴികൾ ആലേഖനം ചെയുന്നത്.
പഴശിയിലെ കോട്ടക്കുളത്തിൽ പടുത്തുയർത്തിയ കൂത്തന്പലത്തിന്റെ മാതൃകയിലുള്ള സ്മൃതിമണ്ഡപത്തിന്റെ ചുമരുകളിലാണ് ഈസ്റ്റ് ഇന്ത്യാക്കന്പനിക്കെതിരെ കേരളസിംഹം നടത്തിയ ഐതിഹാസിക പോരാട്ടമുൾപ്പെടെയുള്ള ചരിത്രം വിവരിക്കുക. ഈട്ടിത്തടിയിൽ തീർത്ത പഴശിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചശേഷം ചരിത്ര മ്യൂസിയമെന്നോണം സ്മൃതിമണ്ഡപത്തെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ.
പഴശിയിൽ നടന്ന ചുമർചിത്രരചന കെ. കെ. മാരാർ ഉദ്ഘാടനം ചെയ്തു. ചുമർചിത്രങ്ങൾ നശിപ്പിക്കപ്പെടുന്ന കാലഘട്ടത്തിൽ ചുമർചിത്രം പുനഃസൃഷ്ടിപ്പിക്കപ്പെടുന്നുവെന്നത് വലിയ നേട്ടമാണെന്ന് കെ. കെ. മാരാർ പറഞ്ഞു. 200 വർഷം മുന്‍പുള്ള ചരിത്രമാണ് ചിത്രകാരൻമാർ ചുമർചിത്രപാരന്പര്യം ചോർന്നുപോകാതെ വരയ്ക്കുന്നത്.
ചരിത്രാവബോധം വളർന്നാലേ രാജ്യസ്നേഹമുണ്ടാകൂവെന്നും മാരാർ പറഞ്ഞു. നഗരസഭാ ചെയർമാൻ കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.ആർ.ബാബു, കെ.ജോയ്കുമാർ, അരുണ്‍ജിത്ത് പഴശി, കെ.പി. രമേശ്ബാബു, നഗരസഭാ സെക്രട്ടറി എം.സുരേശൻ എന്നിവർ പ്രസംഗിച്ചു.