ബെൽഗ്രേഡ്: സെർബിയയുടെ പുതിയ പ്രധാനമന്ത്രിയായി സ്വവർഗാനുരാഗിയായ അനാ ബ്രണാബികിനെ പ്രസിഡന്റ് അലക്സാണ്ടർ വിസിക് നാമനിർദേശം ചെയ്തു. സെർബിയയുടെ അഭിവൃദ്ധിക്കായി ബ്രണാബിക്കിന്റെ സേവനം ആവശ്യമാണെന്ന് വിസിക് പറഞ്ഞു. വിസിക്കിന്റെ പാർട്ടിയുടേയും സഖ്യകക്ഷികളുടേയും പിന്തുണയുള്ളതിനാൽ ബ്രണാബികിനെ പാർലമെന്റ് അംഗീകരിക്കും എന്നാണ് കരുതുന്നത്.
അതേസമയം, ബ്രണാബികിനെ തെരഞ്ഞെടുത്തതിൽ എതിർപ്പുമായി ഡ്രാഗണ്‍ മാർക്കോവിക് പൽമ ഓഫ് യൂണിഫൈഡ് സെർബിയയുടെ നേതാവ് രംഗത്തെത്തി. ബ്രണാബിക് അല്ല തങ്ങളുടെ പ്രധാനമന്ത്രിയെന്ന് യൂണിഫൈഡ് സെർബിയയുടെ നേതാവ് പറഞ്ഞു.
യൂറോപ്പിൽ ഇതാദ്യമായല്ല സ്വവർഗാനുരാഗിയായ വ്യക്തി പ്രധാനമന്ത്രി പദത്തിൽ എത്തുന്നത്. നേരത്തെ, ലക്സംബർഗിൽ സേവ്യർ ബെറ്റെലും അയർലൻഡിലും ഇന്ത്യൻ വംശജൻ ലിയോ വരാദ്കരും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.