തായ്‌ലന്‍ഡിലെ ലൈക്ക് ഫാക്ടറി പോലീസ് പൂട്ടിച്ചു! പിടിച്ചെടുത്തത് 500 സ്മാര്‍ട്ട് ഫോണുകളും, നാല് ലക്ഷത്തോളം സിംകാര്‍ഡുകളും; ലൈക്ക് ഫാക്ടറിയില്‍ നടന്നിരുന്നതിതൊക്കെ

like-farm.jpg.image.784.410എന്തിനും ഏതിനും മാര്‍ക്കറ്റില്‍ വിലയുണ്ടാവണമെങ്കില്‍ അതിന് ഫേസ്ബുക്ക് ലൈക്കുകള്‍ ഉണ്ടാവണം എന്ന സ്ഥിതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോവുന്നത്. ഫേസ്ബുക്കില്‍ ലൈക്കുകള്‍ ഉണ്ടാക്കുന്നതിനായി പലവഴികള്‍ ഇന്നാളുകള്‍ പരീക്ഷിച്ചു വരാറുണ്ട്. അത്തരത്തിലൊന്നാണ് തായ്‌ലന്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ലൈക്ക് ഫാക്ടറി. എന്നാല്‍ തായ്ലന്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ‘ലൈക്ക് ഫാക്ടറി’ ഇപ്പോള്‍ പോലീസ് പിടികൂടി പൂട്ടിച്ചു. ചൈനീസ് ഉത്പന്നങ്ങളുടെ ലൈക്ക് സോഷ്യല്‍മീഡിയയിലും കൃത്രിമമായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ മൂന്ന് ചൈനക്കാരാണ് തായ്ലാന്‍ഡ് കംബോഡിയ അതിര്‍ത്തിയില്‍ ഫാക്ടറി നടത്തിയിരുന്നത്. വാടകക്കെടുത്ത വീട്ടിലാണ് ഇവര്‍ ലൈക്ക് ഫാക്ടറി സജ്ജീകരിച്ചിരുന്നത്. 500 സ്മാര്‍ട്ട് ഫോണുകളും നാല് ലക്ഷത്തോളം തായ് സിംകാര്‍ഡുകളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. അനധികൃതമായി ലൈക്കുകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത്രയേറെ സിംകാര്‍ഡുകളും മൊബൈലുകളും ഇവര്‍ ഉപയോഗിച്ചിരുന്നത്. ഈ യുവാക്കളെ ചൈനീസ് കമ്പനികള്‍ തന്നെയാണ് അവരുടെ ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.

ടൂറിസ്റ്റ് വിസയില്‍ തായ്ലാന്‍ഡിലെത്തിയ ഇവരെ വര്‍ക്ക് പെര്‍മിറ്റില്ലാത്തതിന്റെ പേരിലും അനധികൃതമായി മൊബൈലും സിംകാര്‍ഡുകളും കൈവശം വെച്ചതിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട് വാടകക്കെടുത്തിരുന്ന ഇവര്‍ അപൂര്‍വ്വമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. ഇതില്‍ സംശയം തോന്നി സമീപവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ തിരച്ചിലിലും ചോദ്യം ചെയ്യലിലുമാണ് ലൈക്ക് ഫാക്ടറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നതിന് ഇത്തരം ലൈക്ക് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പതിനായിരക്കണക്കിന് വ്യാജ അക്കൗണ്ടുകളും പേജുകളും നിര്‍മിച്ചാണ് ഇവരുടെ പ്രചരണം.

നിശ്ചിത തുകവാങ്ങി സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുകയാണ് ഇവരുടെ രീതി. ബിസിനസുകാര്‍ക്ക് പുറമേ രാഷ്ട്രീയക്കാരും ഇത്തരം ലൈക്ക് ഫാക്ടറികളുടെ സഹായം തേടുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രൊഫൈലുകളെ നിയന്ത്രിക്കുക ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകളുടെ പ്രധാന വെല്ലുവിളിയാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് സംശയം തോന്നുന്നതും നിലവാരം കുറഞ്ഞതുമായ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഫേസ്ബുക്ക് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ വലിയ തോതില്‍ ഫലം കാണാറില്ല. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ചൈന തുടങ്ങി ലോകത്തിന്റെ പല രാജ്യങ്ങളിലും ഇത്തരം ലൈക്ക് ഫാക്ടറികളുണ്ടെന്നാണ് കരുതുന്നത്.

https://youtu.be/s7gDziLryLw

Related posts