സമയോചിതമായി ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചാല്‍ ഏത് അപകടത്തില്‍ നിന്നും രക്ഷപ്പെടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്രെന്‍ഫെല്‍ ടവര്‍ അഗ്നിബാധയില്‍ നിന്നും രക്ഷപ്പെട്ട നടാഷ എല്‍കോക്കും കുടുംബവും. ടവറില്‍ തീ കത്തിപ്പടര്‍ന്നപ്പോള്‍ 11ാം നിലയില്‍ അകപ്പെട്ട് പോയ ഇവരുടെ കുടുംബം രക്ഷപ്പെട്ടത് സര്‍വ ബാത്ത് റൂമുകളുടെയും പൈപ്പുകള്‍ തുറന്ന് വച്ച് വെള്ളം ഒഴുക്കിയിട്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ബുദ്ധിയുണര്‍ന്നപ്പോള്‍ രക്ഷപ്പെട്ട കുടുംബത്തിന്റെ കഥ കൂടിയാണിത്. തന്റെ ആറ് വയസുകാരിയായ മകള്‍, ബോയ്ഫ്രണ്ട് എന്നിവര്‍ക്കൊപ്പമായിരുന്നു നടാഷ 11ാം നിലയില്‍ പെട്ട് പോയിരുന്നത്.
ആളിപ്പടരുന്ന അഗ്നി തന്റെ ഫ്ളാറ്റിനെ ഏത് നിമിഷവും വിഴുങ്ങുമെന്നും മരണം തൊട്ടടുത്തെത്തിയെന്നും തിരിച്ചറിഞ്ഞ നിമിഷത്തില്‍ അതില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള മാര്‍ഗമാലോചിച്ചപ്പോള്‍ ബുദ്ധിയില്‍ തെളിഞ്ഞതായിരുന്നു പൈപ്പ് തുറന്ന് വിടല്‍ എന്ന ആശയം. ജോണ്‍ ലെവിസില്‍ ജോലി ചെയ്ത് വരുകയാണ് നടാഷ. ബാത്ത് റൂമുകളുടെ പൈപ്പുകളെല്ലാം തുറന്ന് വിട്ടതിലൂടെ ഫ്ളാറ്റില്‍ വെള്ളം കയറ്റുകയും തീയ്ക്ക് അവിടേക്ക് കത്തിപ്പടരാന്‍ സാധിക്കാതെ പോവുകയുമായിരുന്നു. തീ പടരുന്ന സാഹചര്യത്തില്‍ ഫ്ളാറ്റിനുള്ളില്‍ തന്നെ ഇരിക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തിലായിരുന്നു നടാഷ പൈപ്പുകള്‍ തുറന്ന് വിട്ടത്. 90 മിനിറ്റുകള്‍ ഫ്ളാറ്റിനുള്ളിലിരുന്ന ശേഷം പുറത്തിറങ്ങാനുള്ള നിര്‍ദ്ദേശം നടാഷയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു.
തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ ചുട്ട് പഴുത്ത നിലയിലായിരുന്നുവെന്ന് നടാഷ ഓര്‍ക്കുന്നു. വാതിലുകള്‍ കനത്ത താപത്താല്‍ വളഞ്ഞിരുന്നുവെന്നും ജനലുകള്‍ പൊട്ടിപ്പിളരുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും ഇത് ഭയാനകമായ അവസ്ഥയായിരുന്നുവെന്നും നടാഷ വെളിപ്പെടുത്തുന്നു. കനത്ത ചൂടില്‍ നിന്നും തന്റെ മകളെ രക്ഷിക്കാനായി വെള്ളം തുറന്ന് വിട്ട് തണുപ്പിച്ച റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തങ്ങളെ രക്ഷപ്പെടുത്താനായി നൂറ് പ്രാവശ്യമെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ ചെയ്തിരുന്നുവെന്ന് നടാഷ പറയുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഫയര്‍ ക്രൂവിന് മൂവരും താമസിക്കുന്ന ഫ്ളാറ്റിലേക്ക് എത്താന്‍ സാധിക്കുകയും അവരെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. പുക ശ്വസിച്ചത് മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ഇവര്‍ ചികിത്സയിലാണ്. തീപിടിത്തത്തില്‍ 17 പേര് മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ മരണം നൂറിലധികം കവിയുമെന്ന ആശങ്ക ശക്തമാകുന്നുണ്ട്. അപകടത്തിന് ശേഷം നിരവധി പേരെ കാണാതായിട്ടുമുണ്ട്.