ന്യൂഡൽഹി: മെട്രോമാൻ ഇ. ശ്രീധരൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകൾ.ഇന്ത്യ ടുഡെ, ടൈംസ് ഓഫ് ഇന്ത്യ, സീ ന്യൂസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇ. ശ്രീധരൻ രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽനിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം.
രാഷ്ട്രപതി സ്ഥാനാർഥിയെ എൻഡിഎ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിനാൽതന്നെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയിൽ തനിക്കൊപ്പം ശ്രീധരൻ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കരുതിയിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയിൽനിന്ന് ഒഴിവാക്കിയത്. ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.എന്നാൽ ഈ വാർത്തയോട് ബിജെപി ദേശീയ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന നേതൃത്വം ദേശീയ മാധ്യമങ്ങളുടെ വാർത്ത സ്ഥിരീകരിച്ചിട്ടുമില്ല.
പ്രധാനമന്ത്രിക്ക് ഇ. ശ്രീധരനോടുള്ളത് ബഹുമാനം മാത്രം: ശ്രീധരൻ പിള്ള
കോഴിക്കോട്: മെട്രോമാൻ ഇ. ശ്രീധരനെ രാഷ്ട്രപതിസ്ഥാനാർഥിയാക്കുമെന്ന വാർത്തകളിൽ തള്ളി ബിജെപി സംസ്ഥാന നേതൃത്വം. ഇ. ശ്രീധരനോട് പ്രധാനമന്ത്രിക്ക് വലിയബഹുമാനവും ആദരവുമാണ് ഉള്ളത്. ശ്രീധരനുമായി നല്ല ബന്ധവും ബിജെപി നേതാക്കൾ സൂക്ഷിക്കുന്നു. അതുകൊണ്ടായിരിക്കാം ഇത്തരത്തിൽ വാർത്തകൾ വരുന്നതെന്നുമാണ് ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നത്.
ഇ. ശ്രീധരനെ രാഷ്ട്രപതിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഘടകത്തിലും ചർച്ചകൾ നടന്നതായി അറിയില്ലെന്ന് ബിജെപി മുൻ അധ്യക്ഷൻ അഡ്വ.പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. കേന്ദ്രനേതൃത്വമാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നത്.രാഷ്ട്രപതി സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ ബിജെപി പാനൽ രൂപീകരിച്ചിട്ടുണ്ട്. അമിത് ഷാ നേതൃത്വം നൽകുന്ന പാനലിൽ വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ് അരുണ് ജയ്റ്റ് ലി എന്നിവരും ഉൾപ്പെടുന്നത്. ഈ കമ്മിറ്റിയാണ് രാഷ്ട്രപതിസ്ഥാനാർഥിയാര് ആകണമെന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുക.
അതേസമയം കേന്ദ്രമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ സുഷമസ്വരാജാണ് നിലവിൽ രാഷ്ട്രപതിസ്ഥാനാർഥിയാകുക എന്നാണ് ബിജെിപി നേതൃതം നൽകുന്ന സൂചന. സുഷമയെ പോലെയുള്ള ഒരു ജനകീയ വനിതാ രാഷ്ട്രീയ നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആർഎസ്എസിനും പൂർണ പിന്തുണ ഉണ്ടെന്നാണ് സൂചനകൾ.