ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിംഗ് കുറ്റമറ്റതാക്കാൻ പുതിയ ഇലക്ട്രോണിക് നിയന്ത്രിത സ്റ്റാർട്ടിംഗ് സംവിധാനം ഒരുക്കാൻ നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റാർട്ടിംഗ് പോയിന്റിൽ കോണ്‍ക്രീറ്റ് തൂണുകൾ താത്കാലികമായി സ്ഥാപിച്ചാണ് സ്റ്റാർട്ടിംഗ് സംവിധാനം ഒരുക്കുക.
ഇതിൽ 25 എച്ച്പിയുടെ ഡബിൾ ഷിഫ്റ്റ് ക്ലച്ച് ആൻഡ് ഗിയർ മോട്ടോർ സ്ഥാപിച്ചു മുകളിലേക്കും താഴേക്കും മാറ്റാവുന്ന ഷട്ടർ പോലുള്ള ക്രോസ് ബാർ സ്ഥാപിക്കും. ബട്ടണ്‍ അമർത്തുന്പോൾ ക്രോസ് ബാർ മാറി സ്റ്റാർട്ടിംഗ് നടക്കുന്നതിനൊപ്പം അതേനിമിഷം മുതൽ സമയം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. പത്തുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വള്ളംകളി കഴിയുന്പോൾ കോണ്‍ക്രീറ്റ് തൂണുകൾ മാറ്റി സംവിധാനം മറ്റു വള്ളംകളികൾക്കും ഉപയോഗിക്കാം.
വള്ളങ്ങളുടെ രജിസ്ട്രേഷൻ ജൂലൈ 10 മുതൽ 20 വരെ നടത്താൻ യോഗം തീരുമാനിച്ചു. വള്ളംകളിക്ക് ഡ്യൂട്ടിക്കായി വിവിധ കമ്മിറ്റികൾ ആവശ്യപ്പെടുന്ന എണ്ണം ബോട്ടുകളേ വാടകയ്ക്ക് എടുക്കൂ. സൊസൈറ്റി ചെയർമാനായ കളക്ടറുടെ തീരുമാനം അനുസരിച്ചേ ആവശ്യമെങ്കിൽ കൂടുതൽ ബോട്ടുകൾ വാടകയ്ക്ക് എടുക്കൂ.
നെഹ്റു ട്രോഫിയുടെ വെബ്സൈറ്റ് പുതുക്കാൻ തീരുമാനിച്ചു. വള്ളം തുഴയുന്നവർക്കെല്ലാം തിരിച്ചറിയൽ കാർഡ് നൽകണമെന്ന ആവശ്യം യോഗത്തിലുണ്ടായി. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കും. 2.22 കോടി രൂപ ചെലവും 3.18 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗത്തിൽ സൊസൈറ്റി സെക്രട്ടറിയായ ആർഡിഒ എസ്. മുരളീധരൻപിള്ള അവതരിപ്പിച്ചു. ടിക്കറ്റ് വിൽപ്പനയിലൂടെ 65 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
ഐപിഎൽ മാതൃകയിൽ വള്ളംകളി ലീഗ് മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് യോഗത്തിനു സമർപ്പിച്ചു. 21ന് തിരുവനന്തപുരത്തു നടക്കുന്ന മന്ത്രിതല യോഗത്തിൽ റിപ്പോർട്ടിൽ അന്തിമതീരുമാനം കൈക്കൊള്ളും.മുൻ എംഎൽഎമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, എഡിഎം എം.കെ. കബീർ, ആർഡിഒ എസ്. മുരളീധരൻപിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.