പത്തനാപുരം: സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവ് ബിനുകുമാറി (43) ൽ നിന്നും മുൻപും ക്രൂര മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആസിഡ് ആക്രമണത്തിന് വിധേയയായ യുവതി. പത്തനാപുരം പിറവന്തൂർ സ്വദേശിനി ധന്യ കൃഷ്ണനാണ് ആസിഡ് വീണു പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് കാരയ്ക്കാട് മനുമംഗലത്ത് വീട്ടിൽ ബിനുകുമാർ, മാതാവ് സരസ്വതി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.
സ്വകാര്യ സ്ഥാപനത്തിൽ വെൽഡറായ ബിനുകുമാർ വിവാഹം കഴിഞ്ഞ് രണ്ടാംവർഷം ധന്യ ഗർഭിണിയായിരിക്കുന്പോൾ വിദേശത്ത് ജോലിയ്ക്കായി പോയി. ഗൾഫിൽ നിന്നും മടങ്ങി എത്തിയതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മർദ്ദനം തുടങ്ങിയതെന്ന് ധന്യ പറയുന്നു. ഭർതൃ മാതാവ് സരസ്വതി (75) യാണ് മർദ്ദനത്തിന് കൂട്ടു നിൽക്കുന്നത്.
തന്റെ മകന് സ്ത്രീധനം കുറഞ്ഞു പോയതായും ഇതിലും കൂടുതൽ പണവും സുന്ദരിയായ മരുമകളേയും ലഭിച്ചേനെയെന്നും ഭർതൃ മാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നുവെന്നും നാല് ലക്ഷം രൂപ എത്രയും വേഗം തരണമെന്ന് ആവശ്യപ്പെട്ടതായും ധന്യ പറയുന്നു. നിർധന കുടുംബമാണ് ധന്യയുടേത്. വളരെ ബുദ്ധിമുട്ടി പലിശയ്ക്ക് പണം കടമെടുത്തും മറ്റുമാണ് ധന്യയുടെ വിവാഹം നടത്തിയത്.
ആശാരിപണി ചെയ്തു വന്ന ധന്യയുടെ അച്ഛൻ ബാലകൃഷ്ണൻ ശരീരം തളർന്ന് ഇപ്പോൾ കിടപ്പിലാണ്. മുൻപും മർദ്ദനമേൽക്കേണ്ടി വന്നിട്ടും ബുദ്ധിമുട്ടോർത്ത് വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇപ്പോൾ ആസിഡ് പ്രയോഗം നടത്തിയപ്പോഴും നാല് നാൾ ആരേയും അറിയിക്കുകയോ ചികിത്സ നടത്തുകയോ ചെയ്തിരുന്നില്ല.
സമീപ വാസികളിൽ ചിലരാണ് പത്തനാപുരത്തെ ധന്യയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. ഭയന്നിട്ട് വീട്ടുകാരും പോലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല. പത്ത് ദിവസത്തിന് ശേഷമാണ് പോലീസിൽ പരാതി നല്കിയത്.ധന്യയുടെ അഞ്ചു വയസ്സുകാരി മകൾ ഒപ്പമുണ്ട്. ഒൻപതു വയസ്സുകാരിയായ മകൾ ഭർതൃ ഗൃഹത്തിലാണ്.