വടകര: ദേശീയ- സംസ്ഥാന പാതകളുടെ അഞ്ഞൂറു മീറ്റർ അരികിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിൽ നിന്നു രക്ഷപ്പെടാൻ വടകരയിലെ മദ്യശാലകൾക്ക് എക്സൈസ് ഒത്താശ ചെയ്തെന്ന ആരോപണം ശക്തമാവുന്നു. കണ്ണൂർ-കുറ്റിപ്പുറം പാത ദേശീയപാതയല്ലെന്നു ചൂണ്ടിക്കാട്ടി മദ്യശാലകൾ തുറക്കാൻ അനുകൂല ഉത്തരവ് സന്പാദിച്ചതു പോലെയാണ് വടകരയിൽ മൂന്നു മദ്യശാലകൾ തുറന്നിരിക്കുന്നതെന്നാണ് ആരോപണം.
സുപ്രീംകോടതി ഉത്തരവ് വന്ന ഏപ്രിൽ ആറിനു തന്നെ വടകരയിലെ ബിയർ പാർലറുകളും ബീവറേജ് കോർപറേഷന്റെ ചില്ലറ മദ്യ വിൽപനശാലയും അടച്ചുപൂട്ടിയിരുന്നെങ്കിലും ഇവയിൽ ചിലതിനു തുറക്കാൻ എക്സൈസ് സൗകര്യം ഒരുക്കിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കെടിഡിസിയുടെ കീഴിൽ ഒന്നും സ്വകാര്യ മേഖലയിൽ അഞ്ചും ബിയർ പാർലറുകളാണ് വടകര നഗരത്തിൽ ഉണ്ടായിരുന്നത്. ഇവയെല്ലാം സൂപ്രീംകോടതി ഉത്തരവിനു വിധേയമായി അടച്ചിട്ടു. എടോടിയിലെ ബീവറേജ് വിൽപനശാലയും ഇതേ കാരണത്താലാണ് പൂട്ടിയത്.
എന്നാൽ ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും രണ്ട് സ്വകാര്യ ബിയർ പാർലറുകളും ബീവറേജിന്റെ ചില്ലറ വിൽപനശാലയും തുറന്നു പ്രവർത്തിച്ചിരിക്കുകയാണ്. പഴയ സ്റ്റാന്റിനു സമീപത്തെ ക്വീൻസ് ബിയർ പാർലറാണ് ആദ്യം തുറന്നത്. ദേശീയപാതയിൽ നിന്ന് അഞ്ഞൂറ് മീറ്ററിനപ്പുറമാണ് ക്യൂൻസ് ടൂറിസ്റ്റ് ഹോമെങ്കിലും പഴയ സ്റ്റാന്റിനു മുന്നിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതക്ക് തൊട്ടടുത്ത് ഇതു സ്ഥിതി ചെയ്യുന്നതെന്ന കാരണത്താലാണ് .
ക്യൂൻസിലെ ബിയർ പാർലറും എടോടിയിലെ ബീവറേജ് ചില്ലറ മദ്യവിൽപനശാലയും സൂപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെ അടച്ചൂപൂട്ടിയത്. എന്നാൽ പഴയ സ്റ്റാന്റിനു മുന്നിലെ റോഡ് സംസ്ഥാന പാതയല്ലെന്നാണ് എക്സൈസ് അധികൃതരുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്യൂൻസ് ഉടമ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സന്പാദിക്കുകയും ബിയർപാർലർ തുറക്കാൻ അനുമതി നേടുകയും ചെയ്തു.
ക്യൂൻസിനു ബിയർപാർലർ അനുമതി ലഭിച്ചതിന്റെ പിൻബലത്തിൽ ബീവറേജ് കോർപറേഷൻ അധികൃതർ എക്സൈസ് ഡപ്യൂട്ടി കമ്മീഷണറെ സമീപിച്ച് ചില്ലറ വിൽപനശാലക്ക് അനുകൂല ഉത്തരവ് നേടി. സൂപ്രീംകോടതി ഉത്തരവിനെ തുടർന്ന് ബീവറേജിന്റെ ചില്ലറവിൽപനശാലക്കു പകരം അനുയോജ്യമായ സ്ഥലം തേടി നാടുനീളെ നടന്നിട്ടും നാട്ടുകാരുടെ എതിർപിനെ തുടർന്നു പിന്തിരിയേണ്ട വന്നപ്പോഴാണ് അതേ സ്ഥലത്ത് തന്നെ മദ്യശാല തുറക്കാൻ അവസരം കിട്ടിയിരിക്കുന്നത്.
പഴയ സ്റ്റാന്റിനു മുന്നിലെ റോഡ് സംസ്ഥാന പാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്പോഴാണ് ഇക്കാര്യം തള്ളിക്കൊണ്ടുള്ള എക്സൈസ് നിലപാട്. യഥാർഥത്തിൽ ഈ റോഡായിരുന്നു മുന്‍പ് ദേശീയപാത. ബൈപ്പാസ് വന്നതോടെ കരിന്പനപ്പാലം മുതൽ പെരുവാട്ടുംതാഴ വരെയുള്ള ഭാഗം സംസ്ഥാനപാതയായെന്നു മാത്രം.
പൊതുമരാമത്ത് വകുപ്പാണ് ഇപ്പോഴും ഇതിന്റെ സംരക്ഷണ പ്രവർത്തി നടത്തിവരുന്നത്. ഈ റോഡ് സംസ്ഥാന പാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്കു മുന്‍പ് തന്നെ എക്സൈസിനെ അറിയിച്ചതാണെങ്കിലും ഇങ്ങനെയൊരു വിജ്ഞാപനം ഇല്ലെന്ന നിലപാടിലാണ് എക്സൈസ് വകുപ്പ്.
ക്യൂൻസ് പാർലറും ബീവറേജ് ചില്ലറ വിൽപനശാലയും പ്രവർത്തിക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് എടോടി-പുതിയ സ്റ്റാന്റ് റോഡിലെ ഗായത്രി ടൂറിസ്റ്റ് ഹോമിലെ ബിയർ പാർലറിനും എക്സൈസ് അനുമതി നൽകിയത്. ദേശീയപാതയിൽ നിന്ന് 320 മീറ്റർ അരികിലാണ് ഗായത്രി എങ്കിലും ഇവിടേക്ക് റോഡ് വണ്‍ വേ ആയതിനാൽ ചുറ്റി വരുന്പോഴേക്കും അര കിലോമീറ്ററിലേറെ വരുമെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടിയാണ് ഇതിന് അനുമതി ലഭ്യമാക്കിയത്.
വണ്‍വേ സന്പ്രദായം വെറും താൽക്കാലികമാണെന്നും അനുമതി നൽകരുതെന്നും എക്സൈസിലെ താഴെതട്ടിലെ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇത് തള്ളുന്ന നിലപാടാണ് ഡപ്യൂട്ടി കമ്മീഷണർ കൈക്കൊണ്ടത്. ഗായത്രിയിൽ നിന്നു മദ്യപിച്ചിറങ്ങുന്ന ആൾ വണ്‍ ആയാണോ പോവുക എന്ന ചോദ്യം എക്സൈസ് ജീവനക്കാർ തന്നെ ഉന്നയിക്കുന്നു. സംസ്ഥാന പാതയല്ലെന്ന് പറഞ്ഞ് തുറന്നിരിക്കുന്ന ബീവറേജിന്റെ ചില്ലറ വിൽപന ശാല ദേശീയപാതയിൽ നിന്നു 470 മീറ്റർ അരികിലാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിലും സൂപ്രിംകോടതി ഉത്തരവ് കാറ്റിൽ പറത്തുകയാണെന്ന ആക്ഷേപം ശക്തമാണ്.