ലണ്ടന്‍: ഹോക്കി ലോക ലീഗ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 4-1ന് സ്കോട്ലന്ഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ കാനഡയെ തോൽപ്പിച്ച് നാളെ പാക്കിസ്ഥാനെതിരേ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
സ്കോട്ലന്‍ഡിനെതിരേ ഇന്ത്യക്കുവേണ്ടി രമണ്‍ദീപ് സിംഗ് ഇരട്ട ഗോള്‍ (31,34) നേടി. ആകാശ്ദീപ് സിംഗ് (40), ഹര്‍മന്‍പ്രീത് സിംഗ് (42) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആറാം മിനിറ്റില്‍ സ്കോലന്‍ഡ് നായകന് ക്രിസ് ഗ്രാസ്സിക് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് വല കുലുക്കി. എന്നാൽ മൂന്നാം ക്വാര്‍ട്ടറില്‍ നാലു ഗോളടിച്ചു ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ സ്കോലന്ഡിനൊപ്പമായിരുന്നു. ആക്രമണത്തിലും പന്തടക്കത്തിലും സ്കോട്ലൻഡ് ഇന്ത്യയെ കടത്തിവെട്ടി. രണ്ടാം ക്വാര്‍ട്ടറില്‍ പന്തടക്കത്തിനാണ് ഇരുടീമും ശ്രദ്ധിച്ചത്.
ഇടവേളയില്‍ ഇന്ത്യ മാറ്റങ്ങളുമായി ഇറങ്ങി. മാറ്റം ഇന്ത്യയുടെ മുന്നേറ്റത്തിലും പ്രതിഫലിച്ചു. മോശം തുടക്കത്തിന്റെ എല്ലാ കുറവുകളും ഇന്ത്യ രണ്ടാം പകുതിയില്‍ തീര്‍ത്തു. രമണ്‍ദീപ് സിംഗ് ഇന്ത്യക്കു സമനില നല്കി. 34-ാം മിനിറ്റില്‍ രമണ്‍ദീപ് ഇന്ത്യക്കു ലീഡ് നല്കി. 40-ാം മിനിറ്റില്‍ നായകന് മന്‍പ്രീത് സിംഗ് മൂന്നാം ഗോളിനുള്ള വഴിയൊരുക്കി. ആകാശ്ദീപ് സിംഗ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി. അധികം വൈകാതെ ഇന്ത്യക്കു ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് സിംഗ് ഗോളാക്കി മാറ്റി.