ന്യൂഡല്‍ഹി: പാക്കിസ്ഥാന് ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി ആരോപണം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ പാക്കിസ്ഥാന്റെ അപ്രതീക്ഷിത മുന്നേറ്റത്തിനു പിന്നില്‍ ഒത്തുകളിയെന്ന് ആരോപണം. പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അമിര്‍ സൊഹൈലാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്്. കളിക്കളത്തിലെ മികവല്ല, കളത്തിനു പുറത്തെ ചില ‘’ശക്തികളുടെ’’ സഹായമാണ് പാക്കിസ്ഥാന്റെ മുന്നേറ്റത്തിനു പിന്നിലെന്നാണ് ആരോപണം.
ഒരു പാക്ക് വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ചാമ്പ്യന്‍സ് ട്രോഫി പ്രകടനത്തില്‍ പാക്കിസ്ഥാന് അഭിമാനിക്കാന്‍ യാതൊരു വകയുമില്ലെന്ന സൊഹൈലിന്റെ പ്രതികരണം. ഈ വിജയത്തില്‍ അഭിമാനിക്കാനൊന്നുമില്ലെന്നും, പാക്കിസ്ഥാന് ഫൈനലില്‍ കടന്നിട്ടുണ്ടെങ്കില്‍ അതു നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നതാണെന്നും സൊഹൈല്‍ ആരോപിച്ചു. അതേസമയം, ഒത്തുകളി എന്ന വാക്ക് സൊഹൈല്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ചാനലിലെ പരിപാടിയില്‍ സൊഹൈലിനൊപ്പമുണ്ടായിരുന്ന മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജാവേദ് മിയാന്‍ദാദ് ഈ വാദത്തെ ഖണ്ഡിച്ചുമില്ല എന്നത് ശ്രദ്ധേയമാണ്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കും. മോശം കളിയാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യും. എങ്കിലും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തെക്കുറിച്ച് അധികം അഭിമാനക്കേണ്ടതില്ല. പാക്കിസ്ഥാന് ഫൈനലിലേക്ക് വന്നത് മുന്‍നിശ്ചയിച്ച പ്രകാരം മാത്രമാണ് സൊഹൈല്‍ പറഞ്ഞു.
അമീര്‍ സൊഹൈലിന്റേത് അപൂര്‍ണമായ പ്രസ്താവന മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന് പറഞ്ഞു. എന്നാല്‍ ഒത്തുകളിയില്‍ പലപ്പോഴും വീണ ചരിത്രമുള്ള പാക്കിസ്ഥാന്റെ കാര്യത്തില്‍ സൊഹൈലിന്റെ ആരോപണം എഴുതിതള്ളാനാവില്ല.
2010ലെ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലുള്ള മത്സരങ്ങളില്് ഒത്തുകളിച്ചെന്ന് ആരോപിച്ച് മൂന്ന് പാക്ക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സല്മാന് ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് അമിര്‍ എന്നിവര്‍ അന്ന് ശിക്ഷയ്ക്ക് വിധേയരായി.
ഇവരില്‍ മുഹമ്മദ് അമിര്‍ പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പാക്ക് ടീമിലെ പ്രധാന ബൗളറുമാണ്. പാക്കിസ്ഥാന് ക്രിക്കറ്റിനെ സംശയത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. 80കളുടെ അവസാനത്തിലും 90കളിലും പാക്കിസ്ഥാന് ക്രിക്കറ്റുമായി ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘത്തിനു നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്, അതിനുശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും തകര്‍ത്ത പാക്കിസ്ഥാന്, സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെയും അനായാസം കീഴടക്കി.