കൊച്ചിയില്‍ ചലച്ചിത്രനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് പല നടികളും സമാനമായ രീതിയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. നടി പത്മപ്രിയയാണ് തനിക്കുണ്ടായ അനുഭവം വിശദമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പത്മപ്രിയയ്ക്കുണ്ടായ അനുഭവം ഇങ്ങനെയാണ്.
സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. സാധാരണ എവിടെപ്പോയാലും കാറില്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന പത്മപ്രിയ, അന്നും അങ്ങനെതന്നെ ഫ്രണ്ട് സീറ്റിലിരുന്നു. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും ഡ്രൈവറും മാത്രം. പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, അന്ന് പത്മപ്രിയയുമായുള്ള യാത്ര ഹോട്ടലിന് മുന്നില്‍ അവസാനിക്കുമ്പോള്‍ ഡ്രൈവറുടെ ഭാവം മാറി. അയാള്‍ പത്മപ്രിയയെ കടന്നുപിടിച്ചു.
ഭയന്നുവിറച്ച പത്മപ്രിയ അലറി. നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ വിവരമറിഞ്ഞ് ഓടിവന്നു. ജയറാമും അതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അന്ന് ഡ്രൈവറെ താക്കീത് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്. പരാതികളില്ലാതിരുന്നതുകൊണ്ട് കേസോ ശിക്ഷയോ ഒന്നുമുണ്ടായില്ല. എന്നുമാത്രമല്ല, അന്നത് പുറംലോകം അറിഞ്ഞതുമില്ല. എന്തായാലും ഫെഫ്കയിലെ ഡ്രൈവേഴ്‌സ് യൂണിയനില്‍പെട്ട അംഗീകൃത ഡ്രൈവര്‍മാര്‍ മാത്രമേ സിനിമാവാഹനങ്ങള്‍ ഓടിക്കാവൂ എന്ന നിയമം ഇപ്പോള്‍ സിനിമാമേഖലയില്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. കൂടാതെ അവരുടെ പൂര്‍വ്വപശ്ചാത്തലം പരിശോധിക്കണമെന്നും നിബന്ധനയുണ്ട്. ഇത്തരം നിബന്ധനകളൊക്കെ പാലിക്കാന്‍ സാധിച്ചാല്‍ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് കരുതപ്പെടുന്നത്.