കഴിഞ്ഞ രണ്ടു മൂന്ന് ദിവസം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് കൊച്ചി മെട്രോയുടെ മുഖ്യഉപദേഷ്ടാവെന്ന നിലയില്‍, മെട്രോമാന് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഇ ശ്രീധരന് മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം കേരളജനതയില്‍ നിന്നുയര്‍ന്നിരുന്നു. പിന്നീടാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അദ്ദേഹത്തെ വേദിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി കിട്ടിയത്. ഏതായാലും മെട്രോ ഉദ്ഘാടന വേളയില്‍ താരമായത് ഇ ശ്രീധരനായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന് ഇ.ശ്രീധരന് ആദരവായി നീണ്ട കരഘോഷമാണ് ലഭിച്ചത്.
സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ. ശ്രീധരന് സ്വാഗതം പറഞ്ഞതോടെയാണ് സദസ് ഏറെനേരം നീണ്ടു നിന്ന കയ്യടികളോടെ ശ്രീധരനെ വരവേറ്റത്. കയ്യടികള്‍ക്കൊപ്പം ചൂളംവിളികളും സദസില്‍ നിന്നുയര്‍ന്നു. കയ്യടി ശബ്ദം ഉയര്‍ന്നതോടെ ഏലിയാസ് ജോര്‍ജ് തന്റെ പ്രസംഗം താല്‍ക്കാലികമായി നിര്‍ത്തി. പിന്നീട് ശ്രീധരന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് സ്വാഗതം അവസാനിപ്പിച്ചപ്പോഴും കയ്യടികള്‍ മുഴങ്ങി. പിന്നീട് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിനിടയില്‍ ശ്രീധരന്റെ പേര് പരാമര്‍ശിച്ചപ്പോഴും സദസില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. ആദ്യം അവഗണിക്കപ്പെട്ടെങ്കിലും കൃത്യ സമയത്ത് ജനങ്ങളില്‍ നിന്നുതന്നെ ആദരവേറ്റുവാങ്ങാന്‍ ശ്രീധരനായി എന്നതാണ് സത്യം.