തൃശൂർ: മണ്ണുത്തി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പത്തുലക്ഷം വിലമതിക്കുന്ന ടോറസ് ലോറി മോഷ്ടിച്ചുകൊണ്ടുപോയ കേസിലെ പ്രതികളെ ഷാഡോ പോലീസ് പിടികൂടി. തമിഴ്നാട് കോയന്പത്തൂർ മരപ്പാലം സ്വദേശികളായ ആഷിക്(22) സുഹൃത്ത് റഫീക്ക്(അബു-26) എന്നിവരാണ് അറസ്റ്റിലായത്.മേയ് 17ന് രാത്രിയാണ് സംഭവം. പട്ടിക്കാട് സ്വദേശി കൊറ്റിക്കൽ വീട്ടിൽ രഘുവിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് മോഷ്ടിച്ചത്.
തൃശൂർ-പാലക്കാട് ദേശീയപാതയിൽ പണിനടക്കുന്നതിനാൽ വീട്ടിലേക്ക് കയറ്റി നിർത്താൻ സാധിക്കാത്തതിനാൽ പട്ടിക്കാട് ദേശീയപാതയോരത്ത് നിർത്തിയിരുന്ന ലോറിയാണ് മോഷ്ടിച്ചത്. മോഷണംപോയ ലോറി കോയന്പത്തൂരിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ശേഷം മോഷ്്ടാക്കളെ പിടികൂടുന്നതിനായി ദിവസങ്ങളോളം ഷാഡോ പോലീസ് ലോറിതൊഴിലാളികളുടെ വേഷത്തിൽ ലോറിയുടെ പരിസരങ്ങളിൽ നിന്നിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചില്ല.
തമിഴ്നാട് കേന്ദ്രീകരിച്ച് വാഹനമോഷണങ്ങൾ നടത്തുന്ന ആളുകളെ കുറിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്. മുപ്പതോളം വാഹനമോഷ്ടാക്കളെ കുറിച്ചും കേരളത്തിലേയും തമിഴ്നാട്ടിലേയും ജയിലുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം നടത്തിയത്. വർഷങ്ങൾക്കുമുന്പ് ലോറി മോഷണക്കേസിൽ അറസ്റ്റിലായ കോയന്പത്തൂർ സ്വദേശിയെ ചോദ്യംചെയ്തതിൽനിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
നേരത്തെ ഒരു കേസിലും പ്രതിയാകാത്ത ഇവർ ആർക്കും സംശയത്തിന് ഇടനല്കാതെ കഴിയുകയായിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണന്റെ നേതൃത്വത്തിൽ പീച്ചി എസ്ഐ ഇ. ബാബു, ഷാഡോ പോലീസ് അംഗങ്ങളിലെ എസ്ഐമാരായ എം.പി. ഡേവിസ്, വി.കെ. അൻസാർ, എഎസ്ഐമാരായ പി.എം. റാഫി, എൻ.ജി. സുവ്രതകുമാർ, സീനിയർ സിപിഒമാരായ കെ. ഗോപാലകൃഷ്ണൻ, സിപിഒമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, പീച്ചി സ്റ്റേഷനിലെ എഎസ്ഐ ജയനാരായണൻ, സിപിഒ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.