വൈപ്പിൻ: പുതുവൈപ്പിൽ ഐഒസിയുടെ എൽപിജി സംഭരണികേന്ദ്രത്തിനെതിരേയുള്ള സമരങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ചതിനു രക്ഷിതാക്കളുട പേരിൽ ഞാറക്കൽ പോലീസ് ജുവനൈൽ ആക്ട് അനുസരിച്ച് കേസെടുത്തു. ഐഒസി സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരേ കടുത്ത കേസുകൾ ചാർജ്ജ് ചെയ്ത് കുടുക്കുവാനാണ് പോലീസിന്റെ നീക്കം. ഇതിന്റ ഭാഗമായാണ് ജുവനൈൽ ആക്ട് പ്രയോഗിച്ചിട്ടുള്ളത്. ജാമ്യം കിട്ടാത്ത വകുപ്പായതിനാൽ ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഇന്നലെ രാവിലെ നടത്തിയ ഉപരോധ സമരത്തിൽ പോലീസുകാർ സമരക്കാർക്കെതിരേ ഉപരോധം തീർത്തപ്പോൾ ലാത്തികൊണ്ട് കുത്തും അടിയേറ്റും ആറു കുട്ടികൾക്കാണ് പരിക്കേറ്റത്. രക്ഷിതാക്കൾ സമരപ്പന്തിലിൽ പോന്നപ്പോൾ ഇവരോടൊപ്പം എത്തിയതായിരുന്നു കുട്ടികൾ. എന്നാൽ പോലീസ് കുട്ടികളെന്ന പരിഗണന നൽകാതെ നിഷ്കരുണം ഇവരെ ലാത്തികൊണ്ട് ഉപദ്രവിക്കുകയാണ് ചെയ്തതെന്ന് സമരക്കാരും രക്ഷിതാക്കളും ആരോപിക്കുന്നു.
ബുധനാഴ്ച ആരംഭിച്ച ഉപരോധ സമരത്തെ തുടർന്ന് ഞാറക്കൽ പോലീസ് ഇതുവരെ അഞ്ചു കേസുകളിലായി 1110 പേർക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. നഗരത്തിൽ നടത്തിയ സമരത്തിനു സിറ്റിപോലീസ് 150 പേർക്കെതിരേ എടുത്ത കേസ് കൂടാതെയാണിത്.
പോലീസിനെ ആക്രമിക്കാൻ മുതിർന്നെന്നാരോപിച്ച് സമരത്തിൽ പങ്കെടുത്ത കേരളാ യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോസി പി തോമസ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡംഗം ഐ എസ് നിക്സണ്, സിപിഐ നേതാവായ നായരന്പലം സ്വദേശി ഫ്രാൻസീസ് , പുതുവൈപ്പ് സ്വദേശി അസ്ലം എന്നിവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചിരിക്കുകയാണ്. ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പു ചേർത്ത് കേസെടുത്ത് ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. സമരവുമായി ബന്ധപ്പെട്ട് സിറ്റിപോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നവരെ ഇന്നലെ രാത്രിയോടെ വിട്ടയച്ചു.