തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് മയക്കുമരുന്നു നൽകി പീഡനം നടത്തിയ യുവാവ് പിടിയില്‍. വഞ്ചിയൂർ സ്റ്റാച്യു, ചിറക്കുളം സുദർശനം വീട്ടിൽ സുജിത്ത്(20) നെയാണ് സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.
പ്രതി നിരവധി പെണ്‍കുട്ടികളെ നിർബന്ധിപ്പിച്ച് മയക്കുമരുന്ന് നൽകി വരുതിയിലാക്കിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. വിലകൂടിയ ബൈക്കുകളിലും ആഡംബരവാഹനങ്ങളിലും കറങ്ങി നടന്നു സ്കൂൾ വിദ്യാർഥികളായ പെണ്‍കുട്ടികളെ വശത്താക്കിയശേഷം അവരെ നിർബന്ധിപ്പിച്ച് മയക്കു മരുന്ന് നൽകി സ്വാധീനിച്ച് ചിറക്കുളത്തുള്ള വീട്ടിൽ വച്ചാണ് പീഡനം നടത്തിയിരുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതി നഗരത്തിലെ മയക്കുമരുന്ന് മാഫിയയിലെ പ്രധാനകണ്ണിയാണെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്പർജൻകുമാറിന്റെ നിർദേശപ്രകാരം, ഡിസിപി അരുൾബി. കൃഷ്ണയുടെ നേതൃത്വത്തിൽ എസിപി പ്രതാപൻ നായർ, പേട്ട പോലീസ് ഇൻസ്പെക്ടർ എ.എസ്. സുരേഷ് കുമാർ, വഞ്ചിയൂർ എസ്ഐ അശോക് കുമാർ, സിറ്റി ഷാഡോ പോലീസ് ടീം എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടി കൂടിയത്.