ലണ്ടന്‍: ക്രിക്കറ്റ് ലോകം ഇന്ന് ഓവല്‍ ഷേപ്പിലേക്കു ചുരുങ്ങും. ലോകക്രിക്കറ്റിലെ പോരാട്ടങ്ങളുടെ മാതാവായി അറിയപ്പെടുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മലുള്ള മത്സരം 13 ദിവസങ്ങളുടെ ഇടവേളയില്‍ ഇതാ ഒരിക്കല്‍കൂടി. എന്നാല്‍, എല്ലാ പോരാട്ടങ്ങളുടെയും മുകളില്‍ ഫൈനലിന്റെ ആവേശക്കാഴ്ചകള്വാരി വിതറാനാണ് ഓവലില്‍ ഇന്ത്യയും പാക്കിസ്ഥാനും പാഡണിയുന്നത്. അതെ, ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കും. സെമിയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് ഗ്രാന്‍ഡ് ഫിനാലെ ബര്‍ത്ത് ഉറപ്പിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഐസിസി മത്സരങ്ങള്‍ എന്നും ആവേശത്തിന്റെ പരമകോടിയിലെത്താറുണ്ട്. 2003 ലോകകപ്പില്‍ ഷോയ്ബ് അഖ്തറിനെ സച്ചിന് തെണ്ടുല്‍ക്കര്‍ അതിര്ത്തിക്കപ്പുറത്തേക്കോടിച്ച പോരാട്ടവും ധോണിയുടെ നേതൃത്വത്തിലിറങ്ങിയ 2007ലെ ടി-20 ലോകകപ്പില്‍ ഫൈനലില്‍ ശ്രീശാന്തിന്റെ ക്യാച്ചിലൂടെ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ പോരാട്ടവുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ മനസിലെ ജ്വലിക്കുന്ന ഓര്‍മകളാണ്.അത്തരത്തിലുള്ള മാസ്മരിക കാഴ്ചകള്‍ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇന്ത്യയേക്കാള്‍ പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശനമാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. തുടക്കത്തില്‍ അമ്പേ പതറിയ അവര്‍ ടൂര്‍ണമെന്റ് പുരോഗമിച്ചതോടെ ഫോമിലേക്കുയര്‍ന്നു. പാക്കിസ്ഥാന്റെ ബൗളിംഗ് നിരയും ഇന്ത്യയുടെ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടമായി മത്സരത്തെ വ്യാഖ്യാനിക്കാം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ തോത് ഏറിയ ഇക്കാലത്ത് നടക്കുന്ന ഈ പോരാട്ടം കേവലം മത്സരത്തിനപ്പുറമുള്ള ആവേശമാണുണ്ടാക്കിയിരിക്കുന്നത്.
ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ
ചാമ്പ്യന്‍സ് ട്രോഫിയെന്നാല്‍ ശിഖര്‍ ധവാന്റെ ടൂര്‍ണമെന്റാണ്. നാലു മത്സരങ്ങളില്‍നിന്ന് ഇപ്പോള്‍ത്തന്നെ 317 റണ്‍സ് ധവാന് നേടിക്കഴിഞ്ഞു. 102 ആണ് സട്രൈക്ക് റേറ്റ്. രോഹിത് ശര്‍മയും വിരാട് കോഹ്്ലിയും യുവ് രാജ് സിംഗും മഹേന്ദ്രസിംഗ് ധോണിയും മികച്ച ഫോമിലാണ്. അതുകൊണ്ട് ഇവരില്‍ രണ്ടു പേരെങ്കിലും ഫോമിലായാല്‍ ഇന്ത്യക്കു മികച്ച സ്കോര്‍ കണ്ടെത്താനാകും.
ഇംഗ്ലണ്ടില്‍ പിറന്ന ആയിരാമത്തെ സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശര്‍മ ഈ മത്സരത്തിലും മിന്നുമെന്നു കരുതാം.
ബൗളിംഗിലേക്കു വന്നാല്‍ ഇന്ത്യയുടെ പ്രശ്നം സ്ഥിരതയില്ലായ്മയാണ്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് സ്വന്തമാക്കുന്നതില്‍ പിന്നിലാണ്. അതേസമയം, പാക്കിസ്ഥാനെതിരായ ആദ്യമത്സരത്തില്‍ മൂന്നു വിക്കറ്റ് നേടിയ ഉമേഷ് യാദവ് ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്നു വ്യക്തമല്ല. പരിക്കേറ്റ ആര്. അശ്വിന് കളിക്കാതിരുന്നാല്‍ മാത്രമേ ഉമേഷിന് ടീമില്‍ സ്ഥാനമുണ്ടാകൂ. രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും റണ്‍സ് വഴങ്ങാന്‍ മടിയുള്ളവരാണ്. തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ പാക്കിസ്ഥാന് തകരുമെന്നുറപ്പ്.
ബൗളിംഗ് കരുത്തില്‍ പാക്കിസ്ഥാന്
ഹസന് അലി, മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന് എന്നിവരുടെ നേതൃത്വത്തിലുള്ള പാക് ബൗളിംഗ് നിര ടൂര്‍ണമെന്റിലെ ഏറ്റവും അപകടകരമായതാണ്. മുഹമ്മദ് ആമിര്‍ പരിക്കിന്റെ പിടിയിലായിരുന്നു. എന്നാല്‍, ഇന്നത്തെ മത്സത്തില്‍ അദ്ദേഹം ശാരീരിക ക്ഷമത വീണ്ടെടുത്തുവെന്നും കളിക്കുമെന്നും പാക് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ബാറ്റിംഗില്‍ ആസ്ഹര്‍ അലിയും മുഹമ്മദ് ഹഫീസും ഷോയ്ബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും ഫോമിലാണ്. സെമിയില്‍ കളിച്ച ടീമില്‍ ഒരു വ്യത്യാസം മാത്രമേ പാക്കിസ്ഥാന് വരുത്താനിടയുള്ളൂ. റായീസിനു പകരം ആമിര്‍ എത്തും.
മികച്ച ബാറ്റിംഗ് പിച്ചാണ് ഓവലിലേത്. 300 റണ്‍സിനു മുകളില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു നേടാനാകും. കാര്‍മേഘം നിറഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും മഴപെയ്യാനുള്ള സാധ്യത കുറവാണ്.
ഇന്ത്യ – പാക് പോര് കണക്കുകളിലൂടെ
പാക്കിസ്ഥാനെതിരേ കളിച്ചിട്ടുള്ള ഐസിസി മത്സരങ്ങളില്‍ ഇന്ത്യക്കു മേല്‍ക്കൈ. 15 മത്സരങ്ങളില്‍ 13ലും ഇന്ത്യ ജയിച്ചു. രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു പാക്കിസ്ഥാനു വിജയം. ഏകദിനത്തില്‍ 8-2ന്റെ ലീഡും ട്വന്റി-20യില്‍ 5-0ന്റെ ലീഡുമാണുള്ളത്. 2007ലെ ലോകകപ്പ് ട്വന്റി-20 ഫൈനലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരുന്നു. പാക്കിസ്ഥാന്റെ രണ്ടു വിജയങ്ങള്‍ സംഭവിച്ചിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയിലാണ്. 2004ലും 2009ലുമായിരുന്നു ഇത്. എന്നാല്‍, ഏകദിനത്തിലെ മൊത്തം കണക്കെടുത്താല്‍ ഇന്ത്യക്കു മേല്‍ പാക്കിസ്ഥാനു വ്യക്തമായ ലീഡുണ്ട്. 72 മത്സരങ്ങളില്‍ പാക്കിസ്ഥാന് വിജയിച്ചപ്പോള്‍ 52ല്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.
ആഗോള ടൂര്‍ണമെന്റുകളില്‍ രണ്ടു ഫൈനലുകളിലും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി, 2007ലെ ട്വന്റി-20 ലോകകപ്പിലും 1985ലെ ലോകചാമ്പ്യന്‍ഷിപ്പിലും. ട്വന്റി-20 ലോകകപ്പില്‍ അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയമെങ്കില്‍ എട്ടുവിക്കറ്റിനായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിജയം. ഈ രണ്ടു ടൂര്‍ണമെന്റുകളിലും ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
ഇതു നാലാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തുന്നത്. ഏറ്റവും കൂടുതല്‍ തവണ ഫൈനലിലെത്തുന്ന ടീം ഇന്ത്യയാണ്. 2000ല്‍ ന്യൂസിലന്‍ഡിനോടു തോറ്റ ഇന്ത്യ 2002ല്‍ ശ്രീലങ്കയുമായി കിരീടം പങ്കിട്ടു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം ചൂടി. പാക്കിസ്ഥാന് ആദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തുന്നത്.
2011 മുതലുള്ള ഐസിസി മത്സരങ്ങള്‍ വിലയിരുത്തിയാല്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ച ടീം ഇന്ത്യയാണ്. 34 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് ഏഴില്‍ മാത്രം. കിവീസാണ് രണ്ടാമത്. 21 മത്സരങ്ങളില്‍ അവര്‍ വിജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ തോറ്റു.
ഈ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന് നേടിയ ആകെ വിക്കറ്റുകള്‍. മറ്റേതൊരു ടീമിനേക്കാളും കൂടുതലാണിത്. ഓസ്ട്രേലിയയാണ് രണ്ടാമത്.
ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റ്സ്മാന്മാരും കൂടി നേടിയ റണ്‍സ്. ഇന്ത്യ സ്കോര്‍ ചെയ്ത റണ്‍സിന്റെ 81.4 ശതമാനവും ഈ മൂവരും ചേര്‍ന്നാണ് നേടിയത്. 79.25 ശരാശരിയില്‍ ശിഖര്‍ ധവാന് 317 റണ്‍സ് നേടിയപ്പോള്‍ 101.33 എന്ന കണ്ണഞ്ചിപ്പിക്കുന്ന ശരാശരിയില്‍ രോഹിത് ശര്‍മ 304 റണ്‍സ് നേടി. വിരാട് കോഹ്്ലി 253 റണ്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ 483 ആണ് രണ്ടാമത്. പാക്കിസ്ഥാന്റെ ആദ്യ മൂന്നു ബാറ്റ്സ്മാന്മാരുടെ സംഭാവന 406 ആണ്.
പാക്കിസ്ഥാനെതിരേ വിരാട് കോഹ്്ലി അഞ്ചു തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയിട്ടുണ്ട്. സച്ചിനും ഗാംഗുലിയുമാണ് (9) മുന്നില്‍. ധോണിയും അഞ്ചു തവണ പാക്കിസ്ഥാനെതിരേ മാന്‍ ഓഫ് ദ മാച്ചായി. ഇന്ത്യ വിജയിച്ച മത്സരങ്ങളില്‍ കോഹ്്ലിയുടെ ശരാശരി 96 റണ്‍സ് ആണ്.
ഏകദിനത്തില്‍ േഷായ്ബ് മാലിക് ഇന്ത്യക്കെതിരേ മാത്രം നേടിയ റണ്‍സ്. ശരാശരി 48.50. ഇതില്‍ ഒമ്പതു സെഞ്ചുറിയുമുണ്ട്. ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനും ഷോയ്ബാണ്.