കരണ്‍ സിംഗ് എന്ന എട്ടു വയസുകാരൻ ക്ലാസിൽ എതു ബെഞ്ചിലിരുന്നാലും അധ്യാപകർക്ക് അവനെ കണ്ടുപിടിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. കാരണം തന്റെ കൂടെ പഠിക്കുന്ന മറ്റുകുട്ടികളേക്കാൾ ഇരട്ടി ഉയരമുണ്ട് കരണിന്. ആറടി ആറിഞ്ച് ഉയരമുള്ള ഈ ഉത്തർ പ്രദേശുകാരൻ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ എട്ടുവയസുകാരനാണ്.
ജനിച്ചപ്പോൾത്തന്നെ കരണ്‍ ഒരു റിക്കാർഡ് സ്ഥാപിച്ചിരുന്നു – ഏറ്റവും ഭാരവും നീളവുമുള്ള നവജാത ശിശു. കരണിന്റെ ഈ ഉയരത്തിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വനിതയായ ശ്വേത്ലനയാണ് ഇവന്റെ അമ്മ. ഏഴടി രണ്ടിഞ്ചാണ് ശ്വേത്ലനയുടെ ഉയരം. അമ്മയെപ്പോലെ ഒരു ബാസ്കറ്റ് ബോൾ കളിക്കാരനാകണമെന്നാണ് കരണിന്റെ ആഗ്രഹം. ക്ലാസിലെ മറ്റു കുട്ടികളേക്കാൾ ഉയരം കൂടുതലുണ്ടെങ്കിലും എല്ലാ കാര്യത്തിലും അവർ തന്നെ കൂടെക്കൂട്ടുമെന്ന് കരണ്‍ പറയുന്നു.