പണിപാളി! മുതലയുടെ വായില്‍ തലയിട്ടു; ഇരയുടെ തലയില്‍ മുതല കടിച്ചുകുടഞ്ഞു; മുതലയുമൊത്തുള്ള സാഹസികന്റെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

Crocodile_head

സാധാരണ ആളുകള്‍ക്ക് മുതലയെ കാണുമ്പോള്‍ തന്നെ ഭയമാണ്. അപ്പോള്‍ അതിന്റെ വായ്ക്കകത്ത് സ്വന്തം തല ഇട്ടുകൊടുക്കുന്ന മനുഷ്യനെ എന്ത് പറയും? ധൈര്യം പ്രകടിപ്പിക്കാനുള്ള വഴിയായാണ് തായ്‌ലന്‍ഡില്‍ ഒരു വ്യക്തി മുതലയുടെ വായില്‍ തലയിട്ടത്. മൃഗശാല പാലകന്റെ തലയില്‍ കടിച്ച് കുടയുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ കാഴ്ചക്കാരെ ഞെട്ടിച്ച് വൈറലാകുന്നത്.

ഇരയുടെ തലയില്‍ കടിച്ചുപിടിച്ച ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇരുവശത്തേക്കും തിരിയുന്ന മുതലയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച തായ്ലാന്‍ഡിലെ പ്രശസ്തമായ ക്രോക്കൊഡൈല്‍ ഷോയില്‍ ഒരു സംഘം ടൂറിസ്റ്റുകള്‍ നോക്കിനില്‍ക്കെയാണ് ആക്രമണം അരങ്ങേറിയത്. കാണികളെ രസിപ്പിക്കാനായി മുതലയുടെ വായ് തുറന്നുപിടിക്കുക, വായ മുഴുവനും തുറന്നശേഷം വായില്‍ തലവച്ച് ഭയപ്പെടുത്തുക എന്നിവയായിരുന്നു പ്രകടനക്കാരന്റെ ലക്ഷ്യം.

മൃഗശാലയിലെ കാവല്‍ക്കാരന്റെ നിര്‍ദ്ദേശാനുസരണം അനങ്ങാതെ ഇരുന്ന് കൊടുക്കുന്ന മുതലയുടെ വായില്‍ തന്റെ കൈയിലുള്ള വടികള്‍ കൊണ്ട് ആദ്യം പ്രകടനം നടത്തി. ഇതിന് ശേഷം വടികള്‍ വായില്‍ കുത്തിനിര്‍ത്തി. പിന്നീട് ഒരു വടി മാറ്റിയ ശേഷമാണ് സ്വന്തം തലവെച്ചുകൊടുത്തത്. പത്ത് സെക്കന്‍ഡോളം ഇങ്ങനെ നിന്നു. ഇതിന് പിന്നാലെയാണ് മുതല പൊടുന്നനെ വായടച്ചത്. കാണികളെ ഭയപ്പെടുത്തി പ്രകടനക്കാരന്‍ കരഞ്ഞുനിലവിളിച്ചു. മനുഷ്യന് ഒരു കടി കൊടുത്ത ശേഷം ഒന്നും സംഭവിക്കാത്തതുപോലെ മുതല വെള്ളത്തിലേക്ക് തിരികെപോയി. തലയില്‍ പരിക്കേറ്റ പ്രകടനക്കാരന്‍ നിലത്ത് കിടന്ന് വേദന കൊണ്ട് ഉരുളുന്നതും ദൃശ്യങ്ങളിലുണ്ട്. മനുഷ്യര്‍ എത്രകൊണ്ടാലും പഠിക്കില്ല എന്നതിന് മറ്റൊരുദാഹരണമാവുകയാണ് ഈ പുതിയ സംഭവം.

Related posts