കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) നിർദിഷ്ട പാചകവാതക സംഭരണകേന്ദ്രത്തിനെതിരായ സമരത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളെന്ന് എറണാകുളം റൂറൽ എസ്പി എ.വി.ജോർജ്. ഈ ഗ്രൂപ്പുകളുമായി ബന്ധമുള്ള ചിലരെ സമരത്തിൽ കണ്ടു. സ്ത്രീകൾ ഒറ്റയ്ക്ക് ഇത്തരം ഒരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും എസ്പി പറഞ്ഞു.
ടെർമിനൽ നിർമാണത്തിനായി ഞായറാഴ്ച തൊഴിലാളികൾ എത്തിയതോടെയാണു നാട്ടുകാർ കൂട്ടമായി പ്ലാന്റിനു മുന്നിലേക്കെത്തിയത്. വൻ പോലീസ് സന്നാഹത്തോടെ നിർമാണപ്രവർത്തനം തുടങ്ങിയ ഐഒസി അധികൃതരോട് നിർമാണം നിർത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു.
എന്നാൽ, പോലീസ് ബാരിക്കേഡുകൾ ഉയർത്തി പ്രതിരോധം തീർക്കുകയായിരുന്നു. പോലീസുകാർക്കുനേരേ കല്ലേറു വന്നതോടെ സ്ത്രീകളടക്കമുള്ളവർക്കെതിരെ അവർ ലാത്തി വീശുകയായിരുന്നു.