വൈപ്പിൻ: ഐഒസി എൽപിജി പ്ലാന്റിനെതിരേ പുതുവൈപ്പിൽ സമാധാനപരമായി നടന്നു വന്ന സമരത്തിനു നേരെ ഇന്നലെ വീണ്ടും നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഐ ഉൾപ്പെടെയുള്ള ബഹുവിധ സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ വൈപ്പിൻ കര പൂർണമായും സ്തംഭിച്ചു. കടകന്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സർക്കാർ സ്ഥാപനങ്ങൾ പലതും ഹർത്താലനുകൂലികൾ അടപ്പിച്ചു. ഓട്ടോറിക്ഷകളും മറ്റു പൊതുവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളും കെഎസ്ആർസി ബസുകളും വൈപ്പിനിൽ സർവീസ് നിർത്തിവച്ചു.
ചെറായി ദേവസ്വം നടയിലും , ഗോശ്രീപാലത്തിലും മാലിപ്പുറത്തും ഹർത്താലനുകൂലികൾ ഗതാഗതം തടഞ്ഞു. ദേവസ്വം നടയിൽ ഗതാഗതം തടഞ്ഞവർ സ്വകാര്യ വാഹനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയശേഷം വിട്ടയച്ചു. ആശുപത്രിയിലേക്കുളള വാഹനങ്ങളും അടിയന്തിരമായ ആവശ്യങ്ങൾക്കായി പോകുന്ന സ്വകാര്യ വാഹനങ്ങളും വിട്ടയച്ചു. ബ്ലോക്ക് പ്രസിഡന്റ് വിഎസ് സോളിരാജ്, കോണ്‍ഗ്രസ് നേതാക്കളായ ശ്രീവിലാസൻ, പി ബി സുധി, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ചിദംബരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗതാഗതം തടഞ്ഞത്.
പിന്നീട് പ്രകടനവും നടന്നു. പള്ളിപ്പുറം പഞ്ചായത്താഫീസും ഈമേഖലയിൽ തുറന്ന ബാങ്കും ഹർത്താലനുകൂലികൾ പൂട്ടിച്ചു. രാവിലെ ഗോശ്രീപാലത്തിൽ ഗതാഗതം തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകനായ ശ്യാംകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.ഫോർട്ട് വൈപ്പിൻ ഫെറി ബോട്ട് സർവ്വീസും, കാളമുക്ക് ഗോശ്രീപുരം ഹാർബറും സ്തംഭിച്ചു. മത്സ്യതൊഴിലാളി സംഘടനകൾ തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിരുന്നതിനാൽ ആരും മത്സ്യബന്ധനത്തിനു പോയില്ല. ഹാർബറിലെ ഐഎൻടിയുസി തൊഴിലാളികൾ ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
മാലിപ്പുറത്തും ഗോശ്രീ കവലയിലും കോണ്‍ഗ്രസുകാർ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ ജി ഡോണോ, ബെന്നി ബെർണാഡ്, ജോസി വൈപ്പിൻ, സിനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. മാലിപ്പുറം പാലത്തിൽ കോണ്‍ഗ്രസുകാരും വെൽഫയർ പാർട്ടിയും ഗതാഗതം ഉപരോധിച്ചിരിക്കുകയാണ്. ഞാറക്കലും കോണ്‍ഗ്രസുകാർ പ്രകടനം നടത്തി. ഹർത്താലിനെ അനുകൂലിച്ച് എൻസിപി ന്യൂനപക്ഷസെൽ വൈപ്പിനിൽ കരിദിനം ആചരിച്ചു.
സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപിയുടെയും , കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയൻ, ഐൻടിയുസി എന്നീ സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ പദ്ധതി മേഖലയിലേക്ക് വൻ പ്രകടനം നടന്നു. പദ്ധതി മേഖലയിലെ സമരപ്പന്തലിൽ ഇപ്പോഴും നാട്ടുകാർ തന്പടിച്ചിട്ടുണ്ട്. പോലീസും ശക്തമായി രംഗത്തുണ്ട്. അതേ സമയം സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഐഒസി നിർമ്മാണ പ്രവർത്തനം നിർത്തിവച്ചതിനാൽ ഇന്ന് പദ്ധതിമേഖലയിൽ ജോലിക്കായി ആളുകൾ എത്തിയിട്ടില്ല.