തൃശൂർ: ഡെങ്കിപ്പനിയും പകർച്ചപ്പനിയും പടർന്നുപിടിക്കുന്നതിനിടയിൽ രോഗികളെയും ആശുപത്രി പ്രവർത്തനങ്ങളെയും ദുരിതത്തിലാഴ്ത്തി നഴ്സസ് അസോസിയേഷൻ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്നലെ ജില്ലാ കളക്ടർ ഡോ. എ. കൗശിഗന്റെ അധ്യക്ഷതയിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികളും തമ്മിൽ രാത്രി എട്ടുമുതൽ അർധരാത്രി വരെ നടത്തിയ മാരത്തോണ്‍ ചർച്ച ഒത്തുതീർപ്പിലെത്തിയില്ല.
സർക്കാർ വേതനത്തിനു സമമായി പ്രതിദിനം 1000 രൂപ നിരക്കിൽ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏകപക്ഷീയമായ സമരവുമായി അസോസിയേഷൻ മുന്നോട്ടുപോകുന്നത്. നിലവിലുള്ള ശന്പളത്തിന്റെ 20 ശതമാനം ഇപ്പോൾ വർധിപ്പിക്കാമെന്നും മറ്റു കാര്യങ്ങൾ ആറുമാസത്തിനകം ധാരണയാക്കാമെന്നുമുള്ള മാനേജ്മെന്റ് പ്രതിനിധികളുടെ നിലപാടിന് സമരക്കാർ വഴങ്ങിയില്ല.