ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കിഡംബി ശ്രീകാന്ത് മനോഹരമായി ഒരാഴ്ച പൂര്‍ത്തിയാക്കി. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ടാണ് ലോക 22-ാം റാങ്ക് താരം ആഴ്ച പൂര്‍ത്തിയാക്കിയത്. വെറും 37 മിനിറ്റുകൊണ്ട് ജപ്പാന്റെ കസുമാസ സകായിയെ 21-11, 21-19ന് തകര്‍ത്തു.
ശ്രീകാന്തിന്റെ കരിയറിലെ രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണ്. ആദ്യമായാണ് ശ്രീകാന്തും കസുമാസയും ഏറ്റുമുട്ടുന്നത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സണ്‍ വാന്‍ ഹോയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ശ്രീകാന്ത് ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ജാപ്പനീസ് താരം 7-3ന്റെ ലീഡ് നേടി.
ഇടവേളയ്ക്കു പിരിയുമ്പോള്‍ സകായി 11-6ന്റെ ലീഡിലായിരുന്നു. ഇടവേളയ്ക്കുശേഷം ശ്രീകാന്ത് ആക്രമണ മൂഡിലേക്കെത്തി. പിന്നീട് ഒപ്പത്തിനൊപ്പം പൊരുതി. 19-19ലെത്തിയപ്പോള്‍ ശ്രീകാന്ത് ഉജ്വലമായ രണ്ടു സ്മാഷുകളിലൂടെ ഗെയിമും കിരീടവും സ്വന്തമാക്കി.