ഓഹരി അവലോകനം/സോണിയ ഭാനു
ഓഹരിവിപണി സാങ്കേതിക തിരുത്തലിന്റെ പിടിയിലേക്കു വഴുതി. ബുൾ തരംഗത്തിനിടെ കരടിക്കൂട്ടങ്ങൾ പാകിയ വിത്തുകൾ കാലവർഷത്തിൽ മുളച്ചുപൊങ്ങുന്നതു കണ്ട് ഫണ്ടുകൾ നിക്ഷേപങ്ങളിൽ ലാഭമെടുപ്പ് നടത്തി. നാലാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് സൂചിക തളരുന്നത്. വിപണി തിരുത്തലിനുള്ള നീക്കത്തിലാണെന്ന കാര്യം മുൻവാരം ദീപിക വ്യക്തമാക്കിയിരുന്നു.
ബുൾ തരംഗത്തിനിടയിലെ തിരുത്തൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുമെന്നതിനാൽ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് ഫണ്ടുകൾ ഉത്സാഹിക്കും. പ്രതിവാര ചാർട്ടിൽ പ്രമുഖ സൂചികകൾ രണ്ടും ബുള്ളിഷാണ്. അതേസമയം ഡെയ്ലി ചാർട്ട് അല്പം ദുർബലമായത് മുൻനിര ഓഹരികളിലെ ലാഭമെടുപ്പിന് ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു.
വരുംദിനങ്ങളിൽ വിപണി ഒരു കണ്‍സോളിഡേഷനു ശ്രമിക്കാം. 9,688ൽനിന്നുള്ള തളർച്ചയിൽ നിഫ്റ്റി 9,564 വരെ ഇടിഞ്ഞെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ചിരുന്ന 9,560ലെ സപ്പോർട്ട് നാലു പോയിന്റിന് നിലനിർത്തി. സൂചികയ്ക്ക് 80 പോയിന്റ് പ്രതിവാര നഷ്ടം. ഈ വാരം സൂചിക 9,520-9,604 പോയിന്റിൽ സഞ്ചരിക്കാൻ നീക്കം നടത്താം. വാരാന്ത്യം സൂചിക 9,588ലാണ്. 9,662ൽ ശക്തമായ പ്രതിരോധമുണ്ട്.
ഇതു മറികടക്കാൻ നീക്കം നടന്നാൽ ജൂണ്‍ സീരീസ് സെറ്റിൽമെന്റ് വേളയിൽ നിഫ്റ്റി 9,737-9,786 റേഞ്ചിലേക്ക് ചുവടുവയ്ക്കാം. എന്നാൽ, ഇപ്പോഴത്തെ തിരുത്തൽ 9,538 വരെ നീളാം. ഈ താങ്ങ് നഷ്ടമായാൽ സൂചിക 9,489-9,414 വരെ സാങ്കേതിക തിരുത്തൽ തുടർന്നേക്കും. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ ബുള്ളിഷാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ സോൾഡാണ്.
ബോബെ സെൻസെക്സ് 31,218 പോയിന്റിൽനിന്ന് വാരാന്ത്യം 31,056ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 31,089 പോയിന്റിലെ സപ്പോർട്ട് നിലനിർത്തുന്നതിൽ പരാജയപ്പെട്ടത് ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു. അതേസമയം, ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ കരടികൾക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. വാരമധ്യം വരെ സെൻസെക്സ് 31,158-30,921 പോയിന്റിൽ ചാഞ്ചാടാം. ഈ വാരം ആദ്യതാങ്ങ് 30,984 പോയിന്റിലാണ്.
ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ 30,913-30,796ലേക്ക് തളരാം. അതേസമയം, അനുകൂല വാർത്തകൾക്ക് സെൻസെക്സിനെ 31,172-31,289 വരെ ഉയർത്താം. 50 ഡിഎംഎ 30,360 പോയിന്റാണ്.
മുൻനിരയിലെ പത്തു കന്പനികളിൽ ആറെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 34,182.73 കോടി രൂപയുടെ ഇടിവ്. ടിസിഎസ്, എച്ച്ഡിഎഫ്സി, മാരുതി, എച്ച്യുഎൽ, ഇൻഫോസിസ്, ഒഎൻജിസി എന്നിവയ്ക്കു തിരിച്ചടി. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം കുറഞ്ഞു. യുഎസ് ഫെഡ് റിസർവ് പലിശനിരക്കിൽ 25 ബേസിസ് പോയിന്റ് ഉയർത്തിയത് രൂപയിലും സമ്മർദമുളവാക്കി.
പ്രമുഖ ആറ് കറൻസികൾക്കു മുന്നിൽ ഡോളർ മികവിലാണ്. പോയ വാരം രൂപയുടെ വിനിമയനിരക്ക് 19 പൈസ കുറഞ്ഞ് 64.25ൽനിന്ന് 64.44 രൂപയിലേക്കു നീങ്ങി. ഈ വാരം രൂപയ്ക്ക് 64.63-64.75ൽ പ്രതിരോധവും 64.26ൽ താങ്ങുമുണ്ട്.
വിദേശഫണ്ടുകൾ പിന്നിട്ട വാരം 2,052.61 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം ആദ്യന്തര, മ്യൂച്വൽ ഫണ്ടുകൾ 2,052.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര, വിദേശ ഫണ്ടുകളുടെ നിക്ഷേപതാത്പര്യത്തിൽ ഓഹരി സൂചിക ഈ വർഷം ഇതിനകം 17 ശതമാനം മികവിലാണ്.
മണ്‍സൂണിന്റെ പ്രകടനങ്ങളെ ഉറ്റുനോക്കുകയാണ് വിപണി. മഴ അനുകൂലമായാൽ കാർഷികോത്പാദനത്തിൽ വീണ്ടും ഒരു കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കും. അടുത്ത മാസം കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്ത റിപ്പോർട്ടുകളും പുറത്തു വരും.
ചൈനയിൽ ഷാങ്ഹായി സൂചിക വാരാന്ത്യം തളർന്നു. ജപ്പാൻ, ഹോങ്കോംഗ്, കൊറിയൻ സൂചികകൾ മികവിലാണ്. യൂറോപ്യൻ സൂചികകളും തിളങ്ങി. അമേരിക്കയിൽ ഡൗ ജോണ്‍സ്, എസ് ആൻഡ് പി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നാസ്ഡാക് സൂചിക താഴ്ന്നു.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ തുടർച്ചയായ നാലാം വാരത്തിലും തളർന്ന ക്രൂഡ് ഓയിൽ ബാരലിന് 44.68 ഡോളറിലാണ്. ഫെഡ് റിസർവ് പലിശനിരക്ക് ഉയർത്തിയത് ഡോളറിൽ ഇൻഡക്സിന് നേട്ടമായി. ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ ന്യൂയോർക്കിൽ സ്വർണവില മൂന്നു ശതമാനം ഇടിഞ്ഞു. ജൂണ്‍ ആറിന് 1298 ഡോളർ വരെ ഉയർന്ന സ്വർണം വാരാന്ത്യം 1251 ഡോളറിലാണ്. ഈ വാരം 1247 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ വിപണി 1214 ഡോളർ വരെ നീങ്ങാം. – See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat5&newscode=442224#sthash.SEupVj6w.dpuf