തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും അവധിയിൽ പോകാനുണ്ടായ കാര്യവും കാരണവും പിന്നീട് പറയുമെന്ന് ജേക്കബ് തോമസ്. സർക്കാരാണോ താനാണോ ഈ കാര്യം ആദ്യം പറയുകയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐഎംജി ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ജേക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎംജി ഡയറക്ടർ ഓഫീസും വിജിലൻസ് ഡയറക്ടർ ഓഫീസും റോഡിന് അടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവിയാകുമോയെന്ന ചോദ്യത്തിന് നാളത്തെ കാര്യങ്ങൾ ഇന്ന് പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷത്തേക്കാണു നിയമനം. കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്കുന്ന സ്ഥാപനമാണ് ഐഎംജി.
വിജിലൻസ് ഡയറക്ടറായി മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചിരുന്നു. ടി.പി. സെൻകുമാർ കോടതി വിധിയെ തുടർന്നു സംസ്ഥാന പോലീസ് മേധാവിയായ സാഹചര്യത്തിലായിരുന്നു ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറാക്കിയതും ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകിയതും. ടി.പി. സെൻകുമാർ ജൂണ്‍ 30നു സർവീസിൽ നിന്നു വിരമിച്ച ശേഷം പോലീസ് തലപ്പത്ത് അഴിച്ചുപണി വേണ്ടിവരും.