അടൂർ : കേസിൽ ആൾമാറിപ്പോയ വിവരം അറിഞ്ഞിട്ടും നിരപരാധിയെ പോലീസ് വേട്ടയാടുന്നുവെന്നു പരാതി. അടൂർ പന്നിവിഴ രാജീവ് ഭവനിൽ കെ. ആർ. രാജീവാണ് ചെയ്യാത്ത കുറ്റത്തിന് കോടതി കയറാൻ വാറണ്ടുമായി പോലീസ് നടക്കുന്നത്. യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കാതെ തങ്ങൾക്ക് പറ്റിയ അബദ്ധം വീണ്ടും നിരപരാധിക്കുമേൽ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് ആക്ഷേപം.
ഇന്നു കോടതിയിൽ ഹാജരാകണമെന്ന് ശനിയാഴ്ചയും പോലീസ് വീട്ടിൽ എത്തി അന്ത്യശാസനം നൽകിയതോടെ അറസ്റ്റ് വാറണ്ടിൽ നിന്നും എങ്ങനെ രക്ഷപ്പെടാൻ കഴിയുമെന്ന ചിന്തയിലാണ് വർക്ക് ഷോപ്പ് ജീവനക്കാരനായ രാജീവ്.യഥാർഥ പ്രതിയെ മറച്ചുവച്ച് പോലീസ് നടത്തിയ ഒത്തുകളിയാണ് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ രാജീവ് പ്രതിയായത്.
തന്റെ നിരപരാധിത്വവും യഥാർഥ പ്രതിയെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തി സംസ്ഥാന മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ, പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയിരുന്നു.മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ജില്ലാ പോലീസ് ചീഫ് എന്നിവരുടെ നിർദേശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലെല്ലാം ആൾമാറാട്ടം നടത്തിയതാണെന്ന് തെളിയുകയും ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് വീണ്ടും കോടതിയിൽ ഹാജരാകണമെന്ന രണ്ടാമത്തെ വാറണ്ടും എത്തിയത്.2013 ജൂൺ എട്ടിന് കെപി റോഡിൽ അടൂർ സെന്റ് മേരീസ് ലാബിന് സമീപത്തായാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നൂറനാട് പണയിൽ പുതിയിടത്ത് മഠത്തിൽ ദേവസ്വം ബോർഡ് പൂജാരിയായ ഹരികൃഷ്ണനും, ഭാര്യയും വന്ന കാറിൽ സ്കൂട്ടർ വന്നിടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ റോഡിൽ മറിഞ്ഞു വീണു.
വിവരം അറിഞ്ഞെത്തിയ അവരുടെ ഭർത്താവ് പന്നിവിഴ പുത്തൻചന്ത സ്വദേശിയായ രാജീവ് കാറിലുണ്ടായിരുന്ന ഹരികൃഷ്ണനെ മർദ്ദിച്ചു. ഭാര്യയുടെ മുന്നിൽവച്ച് തന്റേതല്ലാത്ത കാരണത്തിന്റെ പേരിൽ മർദ്ദനമേറ്റ ഹരികൃഷ്ണന്റെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ രാജീവിനെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കകയും ചെയ്തതായാണ് പോലീസ് സ്റ്റേഷൻ രേഖകൾ.
എന്നാൽ പ്രതിയെ സംബന്ധിച്ച തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ചശേഷമേ ജാമ്യം നൽകാവൂവെന്നാണ് നിയമം. ഇതൊന്നും പരിശോധിക്കാതെ പ്രതി നൽകിയ മേൽവിലാസം കോടതിൽ ഹാജരാക്കി ജാമ്യം അനുവദിക്കുകയായിരുന്നു.മാസങ്ങൾ കഴിഞ്ഞ് നിരപരാധിയായ കെ. ആർ. രാജീവിന് സമൻസ് എത്തിയപ്പോഴാണ് വിവരം തേടിയിറങ്ങിയത്.
പോലീസ് രേഖപ്രകാരം അപകടത്തിൽപ്പെട്ട സ്കൂട്ടറിന്റെ നമ്പർ മോട്ടോർ വാഹനവകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് യഥാർഥ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. അപ്പോഴും രേഖകളിൽ മാറ്റം വരുത്താൻപോലീസ് തയാറാകാതെ വന്നതോടെയാണ് വർക്ക് ഷോപ്പ് ജീവനക്കാരനായ രാജീവ് കോടതി കയറിയിറങ്ങേണ്ടിവരുന്നത്.