തൃശൂർ: സ്വതന്ത്രഭാരതം രാമരാജ്യമായി കാണാനായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹമെന്ന് ഒ. രാജഗോപാൽ എംഎൽഎ. തൃശൂർ സഹൃദയവേദിയുടെ ഡോ. കെ.കെ. രാഹുലൻ അവാർഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് രാഷ്ട്രീയ പാർട്ടിയായിരുന്നില്ല, സ്വാതന്ത്ര്യം നേടാൻ വേണ്ടി മാത്രം പ്രവർത്തിച്ച സംഘടനയായിരുന്നു അത്.
അതുകൊണ്ടാണു സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം കോണ്ഗ്രസ് പിരിച്ചുവിടാൻ ഗാന്ധിജി ആവശ്യപ്പെട്ടതെന്നും രാജഗോപാൽ പറഞ്ഞു.അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത മാർ അപ്രേം മെത്രാപ്പോലീത്ത ഒ. രാജഗോപാലിനു ഡോ. കെ.കെ. രാഹുലൻ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സഹൃദയവേദി പ്രസിഡന്റ് ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷനായി. ചിത്രൻ നന്പൂതിരിപ്പാട്, ഡോ. സരോജ രാഹുലൻ, വി.എൻ. നാരായണൻ, ഡോ. ടി.എ. സുന്ദർമേനോൻ, ബേബി മൂക്കൻ, പ്രഫ. ടി.പി. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.