ഗാന്ധിനഗർ: സർക്കാർ വക ചക്കയ്ക്കു വേണ്ടി ജീവനക്കാരുടെ തമ്മിലടി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്കായുള്ള ഇ ടൈപ്പ് ക്വാർട്ടേഴ്സിൽ ഞായറാഴ്ചയായിരുന്നു സംഭവം. ക്വാർട്ടേഴ്സിലെ 14,15 എന്നീ നന്പരിലെ വീടുകളിൽ താമസിക്കുന്നവർ തമ്മിലാണ് സംഘർഷമുണ്ടായത്. 14,15 എന്നീ നന്പരുകളുള്ള വീടിന്റെ നടുവിലുള്ള പ്ലാവിൽ നിന്നും ഞായറാഴ്ചയാണ് മൂന്നു ചക്കപഴുത്ത് വീണത്.
തുടർന്ന് 14-ാം നന്പർ വീട്ടിൽ താമസിക്കുന്ന മെഡിക്കൽ കോളജിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ ചക്കകൾ എടുത്തു ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്ക് വീതിച്ചു നൽകി. ഈ സംഭവം അറിഞ്ഞെത്തിയ 15-ാം നന്പർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതി വിരമിച്ച ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും യുവതിയും തമ്മിൽ പരസ്പരം അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗർ പോലീസ് സർക്കാർ വക ചക്ക ആരും എടുക്കരുതെന്ന നിർദേശവും ഇരുകൂട്ടർക്ക് താക്കീതും നൽകി.