തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ ജനകീയ പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ ലാത്തിചാർജിനെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഇന്നത്തെ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്.
പ്രക്ഷോഭകരെ പോലീസ് നേരിട്ട നടപടി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പോലീസ് നടപടി എൽഡിഎഫ് സർക്കാരിന്റെ വിശ്വാസ്യതക്ക് കളങ്കം ചാർത്തിയിരിക്കുകയാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. എൽഡിഎഫ് സർക്കാരിന്റെ പോലീസ് നയം എന്താണെന്ന് പ്രസ്താവനയിലൂടെയല്ല പ്രവർത്തിയിലൂടെ കാട്ടി കൊടുക്കാൻ മുഖ്യമന്ത്രി തയാറാവണം. പുതുവൈപ്പ് സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനവും മാതൃകപരവുമായ നടപടിയെടുക്കണം.
സിംഗൂരിൽ നിന്നും നന്ദിഗ്രാമിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും ജനയുഗം ഓർമ്മപ്പെടുത്തുന്നു. വികസനം സാധാരണക്കാരായ മനുഷ്യരുടെ ജീവിത നിലനിൽപ്പിനെ അപ്പാടെ നിഷേധിച്ച് കൊണ്ടാവരുത്. വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ പകർത്താൻ ശ്രമിക്കുന്നത് വൻദുരന്തങ്ങൾക്കായിരിക്കും വഴിവയ്ക്കുക. എൻഡോസൾഫാനും കൊക്കോകോളയും അതാണ് കാണിച്ച് തരുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
പുതുവൈപ്പിൽ തീരദേശ പരിപാലനം സംബന്ധിച്ച എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെട്ടു. പദ്ധതിക്ക് അനിവാര്യമായ സാമൂഹ്യ പാരിസ്ഥിതിക സാന്പത്തിക ആഘാത പഠനങ്ങൾ തൃപ്തികരമായില്ല. തദ്ദേശ ഭരണകൂടത്തിന്റെ അഭിപ്രായത്തിനൊ എതിർപ്പിനൊ പുല്ലുവില പോലും കൽപ്പിച്ചില്ല. വികസനത്തിന്റെ പേരിൽ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തക്കെതിരെയുള്ള പോരാട്ടമാണ് പുതുവൈപ്പിനിൽ നടക്കുന്നതെന്ന് ലേഖനത്തിൽ പരാമർശിക്കുന്നു. അവിടത്തെ ജനങ്ങളുമായി ചർച്ചക്ക് അനുകൂലമായ അന്തരീക്ഷം സർക്കാർ സൃഷ്ടിക്കണമെന്നാണ് ജനയുഗത്തിലെ ലേഖനത്തിൽ ആവശ്യപ്പെടുന്നത്.