അമരവിള:വ്യാജ ബ്രിട്ടീഷ് പൗണ്ട് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഘാന പൗരനെ കോടതി റിമാൻഡ് ചെയ്തു . ഞായറാഴ്ച രാവിലെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആഢംബര ബസിലാണ് വിദേശിയായ ഹ്വാബി റോബ് എഡിസണ് 14 ലക്ഷം രൂപയുടെ വ്യാജ ബ്രിട്ടീഷ് പൗണ്ട് കടത്താൻ ശ്രമിച്ചത് . മൊബൈലിലും ഇ മെയിലുകളിലും അമേരിക്കൻ ലോട്ടറി വിജയിച്ചതായി അറിയിച്ച് പണം തട്ടുന്ന രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് റോബ് എഡിസനെന്നാണ് പോലിസിന്റെ ചൊദ്യം ചെയ്യലിൽ കിട്ടുന്ന സുചന .
എന്നാൽ പ്രതി ചോദ്യം ചെയ്യലിൽ നിസഹകരണം തുടരുന്നതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാലെ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കു എന്നാണ് പോലീസ് പറയുന്നത് . കേരളത്തിൽ കൊല്ലവും കൊച്ചിയുമാണ് തട്ടിപ്പ് കേന്ദ്രങ്ങളെന്ന് സൂചനയുണ്ട് .കൂടാതെ ഇന്ത്യയിൽ ചെന്നൈ , ബംഗളൂരു, ജയ്പൂർ , വിജയവാഡ തുടങ്ങിയ ഇടങ്ങളും ഇത്തരം തട്ടിപ്പ് കാരുടെ പ്രധാന കേന്ദ്രങ്ങളാണ്. കെനിയ , കാനഡ,ഘാന തുടങ്ങിയ രാജ്യങ്ങളിലെ ചിലരാണ് ഇതിന് പിന്നിലെന്നാണ് ഇന്റെലിജൻസ് വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം . ഹ്വോബി റോബ് എഡിസനെ ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകര കോടതിയാണ് റിമാൻഡ് ചെയ്തത്.