ലഖിസായി: പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ട്രെയിനിൽ നിന്നു വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രായ പൂർത്തിയാകത്ത ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബിഹാറിലെ ലഖോചാക് ഗ്രാമത്തിലാണ് കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം ട്രെയിനിൽനിന്നു പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞത്.
വെള്ളിയാഴ്ച രാത്രി പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയിൽ ഇറങ്ങിയ 16 വയസുകാരിയെ ആറു പേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കി ഭൻസിപുർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരുകയും പിന്നീടു ട്രെയിനിൽ കയറ്റുകയുമായിരുന്നു.
ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ കിയൂൾ സ്റ്റേഷനു സമീപമെത്തിയപ്പോൾ ഇവർ പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞു. ശനിയാഴ്ച പുലർച്ചെ ബന്ധുക്കളാണ് റെയിൽവേ ട്രാക്കിൽ കിടന്ന കുട്ടിയെ സദർ ആശുപത്രിയിലെത്തിച്ചത്. പിന്നീടു മെഡിക്കൽ കോളജിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അയൽക്കാരായ സന്തോഷ് യാദവ്, മൃത്യുഞ്ജയ് യാദവ് എന്നിവർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഇവർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്. അക്രമികളെ ഉടൻ കണ്ടെത്താൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.