പ്രേമത്തിലൂടെ മലയാള മനസ് കീഴടക്കിയ സായ് പല്ലവി തെലുങ്കിലും താരമാവാനൊരുങ്ങുന്നു. അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും പല കാരണങ്ങളാൽ അത് നടക്കാതെ പോവുകയായിരുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ.
ശേഖർ കാമ്മുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായെത്തുന്നത് വരുണ്‍ തേജാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് പേരാണ് ടീസർ കണ്ടത്. സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഫിദ ഒന്നാമതെത്തുകയും ചെയ്തു.
റൊമാന്റിക് ത്രില്ലറായ ചിത്രത്തിൽ വരുണ്‍ തേജും സായിയും ചേർന്നുള്ള രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വളരെ മികച്ചൊരു പ്രണയ ചിത്രമാണ് ഇതെന്ന തരത്തിലുള്ള ടാഗ് ലൈനാണ് ചിത്രത്തിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. തെലുങ്കാനയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന എൻആർഐ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 23 ന് ചിത്രം തിയറ്ററുകളിലേക്കെത്തുമെന്നുള്ള വിവരവും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. തമിഴിൽ സായിയെ നായികയാക്കി കാറു എന്ന ഹൊറർ ചിത്രവും ഒരുങ്ങുന്നുണ്ട്.