കണ്ണൂർ: അടുത്തയാഴ്ച നടക്കാൻ പോകുന്ന കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സേനാംഗങ്ങൾക്കിടയിൽ ഇപ്പോഴെ ചർച്ചയാകുന്നു. പോലീസ് സേനയിൽ പുതിയ വിവാദത്തിന് തിരികൊളുത്തുന്ന രീതിയിലാണ് സമ്മേളന സംഘാടനം. കേരളാ പോലീസ് ചരിത്രത്തിൽ ഇതുവരെയുള്ള ജില്ലാ സമ്മേളനങ്ങളുടെ കീഴ് വഴക്കങ്ങൾ മാറ്റി മറിച്ചുള്ള രീതിയാണ് ഇക്കുറി കണ്ണൂരിൽ നടപ്പാക്കുന്നത്. അസോസിയേഷന്റെ ജില്ലാ സമ്മേളനങ്ങൾ സാധാരണ ഗതിയിൽ റേഞ്ച് ഐജിയോ എസ്പിയോ ആണ് ഉദ്ഘാടനം ചെയ്യാറ്.
എന്നാൽ കണ്ണൂരിൽ 21, 22 തീയതികളിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടകനായി എത്തുന്നത് പോലീസ് ഹെഡ് ക്വാർട്ടർ എഡിജിപി ടോമിൻ തച്ചങ്കരിയാണ്. പതിവുകൾ തെറ്റിച്ച് എഡിജിപിയെ ഉദ്ഘാടകനാക്കിയതിനു പിന്നിൽ ചില പ്രീണന താത്പര്യമാണെന്നും പറയപ്പെടുന്നു. ഭരണാനുകൂല വിഭാഗത്തിനു മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷൻ തങ്ങളുടെ രാഷ്ട്രീയ വിധേയത്വം പരസ്യമായി പ്രകടിപ്പിക്കാൻ സംഘടനയെ ഉപയോഗപ്പെടുത്തുകയാണെന്നും ആരോപമുണ്ട്.
സർക്കാരിനെതിരേ നിയമ പോരാട്ടം നടത്തി സുപ്രീം കോടതി വിധിയിലൂടെ ഡിജിപി സ്ഥാനത്തെത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ ഡിജിപി ടി.പി. സെൻകുമാർ. അതു കൊണ്ടു തന്നെ ഭരണത്തിലെ പലർക്കും ഇദ്ദേഹം അനഭിമതനുമാണ്. ഡിജിപിയെ തഴയുകയും പകരം സിപിഎമ്മിനു പ്രിയങ്കരനായ എഡിജിപി ടോമിൻ തച്ചങ്കരിയെ ഉദ്ഘാടകനാക്കിയതിനു പിന്നിൽ ചില ലക്ഷ്യങ്ങളുണ്ടെന്നു സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
എഡിജിപിയെ ഉദ്ഘാടകനാക്കിയതിലൂടെ ഡിജിപിയെ തങ്ങൾ തഴയുന്നുവെന്ന രാഷ്ട്രീയ സന്ദേശം കൂടിയാണ് കണ്ണൂർ നൽകുന്നത്. മുൻകാല സംഘടനാ നേതൃത്വത്തിനുള്ള വിമർശനവും സർക്കാരിനെ പ്രകീർത്തിക്കുന്ന വാചകങ്ങളും ഉദ്ഘാടനത്തിന്റെ കാര്യപരിപാടി ഉൾപ്പെടുന്ന ബ്രോഷറിലുണ്ട്. എല്ലാകാലത്തും അതത് കമ്മിറ്റികൾ ഭരണത്തെ പ്രശംസിക്കാറുണ്ടെങ്കിലും മുൻകാല ഭരണ സമിതിയെ പരസ്യമായി കുറ്റം പറയുന്ന രീതി അവലംബിക്കാറില്ലായിരുന്നു.
22ന് രാവിലെ രാവിലെ 10.30ന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനമാണ് ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്യുന്നത്. കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരിക്കും.
അതേസമയം പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തെ കുറിച്ചു തനിക്കറിയില്ലെന്നു ഡിജിപി ടി.പി. സെൻകുമാർ പറഞ്ഞു. സാധാരണ ഗതിയിൽ സംസ്ഥാന സമ്മേളനങ്ങളിൽ മാത്രമേ ഡിജിപിമാർ പങ്കെടുക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.