ന്യൂഡല്‍ഹി: വനിതാ കോണ്‍സ്റ്റബളിനെ ഒടുവില്‍ പുരുഷനായി സിഐഎസ്എഫ് അംഗീകരിച്ചു. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതിയില്ലാത്തതിനാല്‍ തന്റെ സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കാന്‍ ഈ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ലിംഗമാറ്റം. ആറു വര്‍ഷം മുമ്പാണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ ഇവര്‍ പൂര്‍ണമായും പുരുഷനായി മാറിക്കഴിഞ്ഞു. മീശ,ദൃഢമായ മാംസപേശികള്‍, പുരുഷ ശബ്ദം എന്നിങ്ങനെ പുരുഷന്റെ പ്രകടമായ ലക്ഷണങ്ങളോടെയാണ് ഇവര്‍ പുരുഷനായി മാറിയത്.
ഫെബ്രുവരിയില്‍ സിഐഎസ്എഫിലെ മൂന്ന് മെഡിക്കല്‍ ബോര്‍ഡുകളും, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളെ പുരുഷനായി അംഗീകരിച്ചു. പക്ഷേ സിഐഎസ് എഫ് ഇയാളുടെ സ്വകാര്യതയെ പരിഗണിച്ച് പേരോ മറ്റു വിവരങ്ങളൊ പുറത്ത് വിട്ടിട്ടില്ല. നാലുവര്‍ഷമായി ഈ പ്രശ്നം തങ്ങളുടെ പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നു എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അന്തിമ തീര്‍പ്പ് കല്പ്പിക്കാന് കഴിഞ്ഞതെന്നും, ഇനി മുതല്‍ എല്ലാ രേഖകളിലും ഇയാള്‍ പുരുഷന് എന്നായിരിക്കുമെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ്ങ് പറഞ്ഞു.
ബിഹാര്‍ സ്വദേശിയായ ഇയാള്‍ 2008ലാണ് വനിതാ ഉദ്യോഗസ്ഥയായി സൈന്യത്തില്‍ ചേരുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പോരാട്ടത്തിലൂടെയാണ് ഇപ്പോള്‍ പുരുഷനായി അംഗീകരിക്കപ്പെട്ടത്. മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് ഇവര്‍ പുരുഷനായി മാറിയത്. ശസ്ത്രക്രിയ നടത്തിയത് പല മാര്‍ഗങ്ങളിലൂടെയും പണം കണ്ടെത്തിയാണ്. പൗരുഷം കൈവരാന്‍ ദിവസേന ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും ഉണ്ടായിരുന്നു. കൂടാതെ ദിവസേന പലവിധ വ്യായാമമുറകളും ചെയ്യേണ്ടിയിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവായത്.
ചെറുപ്പകാലത്തു തന്നെ താന്‍ ഒരു ആണ്‍കുട്ടിയായി സ്വയം കരുതിയിരുന്നെന്നും ഒരിക്കലും വിവാഹിതയാവുമെന്നു കരുതിയിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. എനിക്കൊരിക്കലും ഒരു ആണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിയില്ലായിരുന്നു. സിഐഎസ്എഫിലെ ജോലിസമയത്ത് വനിതാ കോണ്‍സ്റ്റബിളായാണ് എന്നെ എല്ലാവരും പരിഗണിച്ചത്.
ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ ദേഹപരിശോധനയ്ക്കുള്ള ജോലിയ്ക്കായാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്. ഈ ജോലി ചെയ്യാന്‍ പറ്റില്ലെന്നും ഞാനെന്നെ ആണ്കുട്ടിയായാണ് കരുതുന്നതെന്നും ഞാന്‍ പറഞ്ഞിരുന്നു. അതേ സമയം സഹപ്രവര്‍ത്തകരായ വനിത ഉദ്യോഗസ്ഥര്‍ എന്നെ ഒരിക്കലും സ്ത്രീയായല്ല കണ്ടത്. അവരോടൊപ്പം ബാരക്ക് പങ്കിട്ടപ്പോള്‍ അവര്‍ പരാതിപ്പെടുകയും ചെയ്തു. 2012ല്‍ ആണ് എന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായത്. അതേ വര്‍ഷം തന്നെ എന്നെ പുരുഷനായി പരിഗണിയ്ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി’ അയാള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പുരുഷത്വം നിയമപരമായി അംഗീകരിക്കപ്പെട്ടതോടെ ഇനി വിവാഹം കഴിക്കാനാണ് ഇയാളുടെ തീരുമാനം.