ന്യൂഡൽഹി: 2019 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ, മുതിർന്ന താരങ്ങളായ എം.എസ്.ധോണിയുടെയും യുവരാജ്സിംഗിന്റെയും കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മുൻ നായകൻ രാഹുൽ ദ്രാവിഡ്. ക്രിക്ഇൻഫോയ്ക്കു നൽകിയ അഭിമുഖത്തിൽ ഇരുവരുടെയും ഭാവി സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സെലക്ടർമാരാണെന്നും ദ്രാവിഡ് വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പരിഗണിക്കുന്പോൾ ധോണിയുടെയും യുവിയുടെയും സ്ഥാനം എവിടെ എന്നതിൽ സെലക്ടർമാർ സ്വീകരിക്കുന്ന നിലപാടാണ് നിർണായകം. ഇരുവരെയും നിലനിർത്തണോ ഒരാളെ മാത്രം നിലനിർത്തണോ എന്ന് സെലക്ടർമാരാണ് തീരുമാനിക്കേണ്ടത്. മുതിർന്ന താരങ്ങളുടെയും ടീമിനു പുറത്തുള്ള യുവകളിക്കാരുടെയും പ്രകടനങ്ങൾ താരതമ്യം ചെയ്തുനോക്കിയാൽ തെരഞ്ഞെടുപ്പ് എളുപ്പമാകും- ദ്രാവിഡ് പറഞ്ഞു.
ചാന്പ്യൻസ് ട്രോഫിക്കു ശേഷം വെസ്റ്റിൻഡീസ് പര്യടനമാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്ന അടുത്ത കടന്പ. പരിശീലക സ്ഥാനത്തുനിന്നു അനിൽ കുംബ്ലെ രാജിവച്ചതിനെ തുടർന്ന് പരിശീലകനില്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിൽനിന്നു വണ്ടികയറിയത്.