വണ്ണപ്പുറം: മത്സ്യത്തിനു പുറത്തു വന്നിരിക്കുന്ന ഈച്ചയെ തുരത്താൻ കടയുടമ കീടനാശിനി തളിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവം വിവാദമായതോടെ ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിനു മുൻപ് കടയുടമ സ്ഥാപനം പൂട്ടി മുങ്ങി.
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറത്താണു സംഭവം. വിൽപനയ്ക്കു വച്ചിരിക്കുന്ന പച്ചമീനിൽ കടയുടമ ഈച്ചയെയും പാറ്റയെയും കൊല്ലുന്ന കീടനാശിനി സ്പ്രേ ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ട ഏതാനും യുവാക്കൾ ദൃശ്യം പകർത്തി ഫേസ് ബുക്കിലിടുകയായിരുന്നു.ഈച്ചയും മറ്റും വന്നിരിക്കുന്നതു തടയാനാണു പ്രത്യേക ലായനി തളിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ നിരവധി ആളുകൾ ഷെയർ ചെയ്യുകയും പ്രതികരിക്കുകയും ചെയ്തു. ഇതോടെ കടയുടമ രാത്രി തന്നെ കട പൂട്ടി സ്ഥലം വിട്ടു. സംഭവം ആരോഗ്യ വകുപ്പധികൃതരെയും ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരെയും അറിയിച്ചു.
ഇന്നലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ അധികൃതരും പരിശോധനയ്ക്കെത്തിയെങ്കിലും കട തുറക്കാൻ ഉടമ തയാറായില്ല. ഇതോടെ കാളിയാർ സിഐ യൂനസിന്റെയും എസ്ഐ വിഷ്ണു കുമാറിന്റെയും നേതൃത്വത്തിൽ പോലീസ് എത്തി കടയുടെ പൂട്ടു പൊളിച്ചു പരിശോധന നടത്തി.
കടയ്ക്കുള്ളിൽനിന്ന് ഈച്ച, പാറ്റ, പല്ലി എന്നിവയെ കൊല്ലാൻ ഉപയോഗിക്കുന്ന ബീഗണ് ബൈറ്റിന്റെ പാക്കറ്റ് കണ്ടെടുത്തു. ഈ കടയുടെ സമീപത്തുള്ള മറ്റൊരു കടയിലും ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് പരിശോധന നടത്തി മത്സ്യങ്ങളുടെ സാന്പിളുകൾ ശേഖരിച്ചു.
ഫേസ്ബുക്കിലും വാട്സ്ആപ്പിലുമായി പ്രചരിച്ച വീഡിയോകൾ തെളിവായി കണക്കിലെടുക്കാൻ സാധിക്കില്ലെന്നു ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ബെന്നി ജോസഫ് പറഞ്ഞു, എന്നാൽ, പരിശോധന നടത്തിയതനുസരിച്ചു കടയുടമ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടെത്തി. തുടർന്നാണു വ്യാപാര സ്ഥാപനം പൂട്ടി സീൽ വച്ചത്.