എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: സി.പി.ഐയിൽ മന്ത്രിമാർക്കെതിരേ പടപ്പുറപ്പാട്. അധികാരമേറ്റ് ഒരു വർഷം പിന്നിട്ടിട്ടും മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുന്നില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഭക്ഷ്യമന്ത്രി പി തിലോത്തമനും വനം മന്ത്രി കെ രാജുവുമാണ് സി.പി.ഐയുടെ പ്രതിനിധികളായി മന്ത്രി സഭയിലുള്ളത്.
ഇതിൽ സുനിൽകുമാറിനും ചന്ദ്രശേഖരനും മാത്രമെ സാന്നിധ്യമാറിയിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്നും മറ്റുള്ള രണ്ടുപേരും ശരാശരി പ്രകടനംപോലുമെത്തുന്നില്ലെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നതാണ്. വകുപ്പുകൾ നല്ലരീതിയിൽ കൈകാര്യം ചെയ്യണമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്ന തരത്തിൽ പ്രവർത്തിക്കണമെന്നും പാർട്ടി സംസ്ഥാന കൗണ്‍സിലിൽ തന്നെ അന്ത്യശാസനം ഉയർന്നതാണ്.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഭക്ഷ്യ-സിവിൽ സപ്ലൈസ്-വനം മന്ത്രിമാരുടെ പ്രകടനം മെച്ചമാകുന്നില്ലെന്ന് ശക്തമായ വികാരം സി.പി.ഐയ്ക്കുള്ളിൽ ഉയരുകയാണ്. ഇവരെ മാറ്റി നിർത്തി കഴിവും പ്രാപ്തിയുള്ളവരെ വകുപ്പ് ഏൽപ്പിക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ വീണ്ടും ഉയർന്നിരിക്കുന്നത്. ഭക്ഷ്യവകുപ്പ് മന്ത്രിക്കെതിരെയാണ് രൂക്ഷമായ വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ വിലക്കയറ്റം നിലനിൽക്കുന്പോഴും ഇതിനെ നേരിടാൻ വകുപ്പിന് കഴിയുന്നില്ലെന്ന വിമർശനം സി.പി.എമ്മിനുള്ളിലുമുണ്ട്. ഇക്കാര്യം സിപിഐ നേതൃത്വത്തെ സി.പി.എം നേതൃത്വം നേരത്തെ തന്നെ അറിയിച്ചതുമാണ്. അരിവില നിയന്ത്രിക്കുന്നതിനായി ആന്ധ്രഅരി കൂടുതൽ ലഭ്യമാക്കുന്നതിന് ആന്ധ്രസർക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെങ്കിലും ഭക്ഷ്യമന്ത്രിയുടെ ഇടപെടൽ കാര്യക്ഷമമായില്ലെന്ന വിമർശനം ഉയരുകയാണ്.
അടുത്ത സംസ്ഥാന കൗണ്‍സിലിൽ മന്ത്രിമാർക്കെതിരെ ശക്തമായ വിമർശനം ഉയരുമെന്ന് ഉറപ്പാണ്. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇവരെ മാറ്റണമെന്ന ശക്തമായ അഭിപ്രായം ഉണ്ടാകും. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന ഇ ചന്ദ്രശേഖരന്റെയും സി ദിവാകരന്റെയും ബിനോയ് വിശ്വത്തിന്റെയും കെ.പി രാജേന്ദ്രന്റെയും മുല്ലക്കര രത്നാകരന്റെയും പ്രകടനം മന്ത്രിമാർ പഠിക്കണമെന്നാണ് സി.പി.ഐയിലെ ആവശ്യം.
വി.എസ് സർക്കാരിന്റെ കാലത്ത് അരിവില ഉയർന്നപ്പോൾ അരിക്കടകളും പീപ്പിൾ ബസാറുകളും അടക്കമുള്ള ജനകീയ ഇടപെടലുകൾ നടത്താൻ സി ദിവാകരനു കഴിഞ്ഞതും വിമർശകർ എടുത്തു കാണിക്കുന്നു. ഇവർക്കു പകരം ആരെവേണമെന്ന് പറയുന്നില്ലെങ്കിലും കഴിവുള്ളവരെ വകുപ്പ് ഏൽപ്പിച്ച് പാർട്ടിയുടെ യശഃസ് ഉയർത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. ഇപ്പോഴത്തെ പടപ്പുറപ്പാട് പാർട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കുമെന്ന് ഉറപ്പാണ്.